കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന കേസുകളിലും കുറവ്

  • 05/02/2022

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗ ഭീതിയൊഴിയുന്നു. ശനിയാഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 9.2 ശതമാനത്തിൽ നിന്നും 7.9 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. 1,27,952 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ചയുമായി താരത്മ്യം ചെയ്യുമ്‌ബോൾ 14 ശതമാനം കുറവാണിത്. രാജ്യത്ത് 678 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ദിവസം 1.49 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ മൂന്നാം തരംഗത്തിന്റെ വ്യാപനം അവസാനിക്കുന്നുവെന്ന് തന്നെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കേരളമുൾപ്പടെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്.

അതേസമയം, കോവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടായതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. കർണാടക കഴിഞ്ഞ ദിവസം ജിംനേഷ്യവും തിയറ്ററും തുറക്കാൻ തീരുമാനിച്ചു. കേരളമുൾപ്പടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറക്കാനുള്ള ശ്രമത്തിലാണ്.

Related News