കുവൈത്തില്‍ ഹോട്ടല്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷം: നിരവധി ഹോട്ടലുകളിൽ താഴുവീഴുന്നു

  • 05/02/2022

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് വൻകിട ഹോട്ടലുകളിൽ പലതും പൂട്ടാനൊരുങ്ങുന്നു. പ്രതിദിന കേസുകള്‍ കൂടിയതിനെ തുടര്‍ന്ന് മന്ത്രിസഭ കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെയാണ് പ്രതിസന്ധി വീണ്ടും ഉടലെടുത്തത്. ഹോട്ടലുകൾക്ക് തങ്ങളുടെ വരുമാനത്തില്‍  40 ശതമാനത്തിലേറെ  കുറവുണ്ടായതാണ് റിപ്പോർട്ടുകൾ. കടബാധ്യത കൂടിയതിനാൽ പല ഹോട്ടലുകളും വിൽക്കാനൊരുങ്ങുകയാണെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷൻ മേധാവി ഫഹദ് അൽ അർബാഷ് പറഞ്ഞു. അതേസമയം ഡൈൻ ഇൻ റെസ്റ്റോറന്റുകളെപ്പോലെ ഹോം ഡെലിവറി നടത്തുന്ന  റെസ്റ്റോറന്റുകള്‍ക്ക് പുതിയ നിയന്ത്രണം കൂടുതല്‍ ബാധിച്ചിട്ടില്ലെന്ന് അൽ അർബാഷ് പറഞ്ഞു. കോവിഡിന്‍റെ  ആദ്യതരംഗവും രണ്ടാതരംഗവും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഹോട്ടല്‍ മേഖലയെ ആണ്. 

കോവിഡ് മാനദണ്ഡം പാലിച്ച് കടകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹോട്ടലുടുമകള്‍ രംഗത്ത് വന്നു. പാഴ്സല്‍ മാത്രം നല്‍കിയാല്‍ പ്രവര്‍ത്തന ചിലവ് പോലും ലഭിക്കുന്നില്ലെന്ന് കട നടത്തിപ്പുകാര്‍ പറയുന്നു.ഹോട്ടലുകളില്‍  കോവിഡ് മാനദണ്ഡം പാലിച്ച് ഇരുന്ന് കഴിക്കാന്‍ സൗകര്യമൊരുക്കിയാല്‍ പ്രതിസന്ധി പാതി ഒഴിയുമെന്ന് കടക്കാര്‍ പറയുന്നു.പല ഹോട്ടലുകളും  ഭാഗികമാണ്  പ്രവര്‍ത്തിക്കുന്നില്ലെങ്കിലും കെട്ടിട വാടക,വൈദ്യുതി ചാര്‍ജ് തുടങ്ങിയവ കൃത്യമായി അടയ്ക്കണം. അതോടപ്പം ഹോട്ടല്‍ മേഖലയില്‍ ജോലിക്കാരെ കിട്ടാത്തതും വന്‍ പ്രതിസന്ധിയാണ് ഈ മേഖലയില്‍ സൃഷ്ടിക്കുന്നത്. നേരത്തെ പത്തും ഇരുപതും പേര്‍ ജോലിക്കാരായി ഉണ്ടായിരുന്ന സ്ഥാനത്ത് അഞ്ചോ ആറോ പേരായി ചുരുങ്ങിയിരിക്കുകയാണ്. മഹാമാരിയെ തുടര്‍ന്ന് ഹോട്ടല്‍ മേഖലയില്‍ ജോലിചെയ്യുന്ന  ഭൂരിപക്ഷം തൊഴിലാളികളും നാട്ടിലേക്ക് പോയിരുന്നു.കൊറോണ ഭീതി അകലും വരെ നാടുകളില്‍ കഴിയാമെന്ന താത്പര്യമാണ് തൊഴിലാളികള്‍ക്കും. 

ഇതില്‍ പാതിപേര്‍ പോലും തിരികെയെത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജോലിക്കാരുടെ ക്ഷാമം കാരണം  നിരവധി ചെറുകിട റെസ്റ്റോറന്റുകളും ഹോട്ടലുകളും പൂട്ടിയതായി ഈ രംഗത്തുള്ളവര്‍ പറഞ്ഞു.ഹോട്ടലുകള്‍ നടത്തുന്ന  ആയിരക്കണക്കിന് മലയാളികള്‍ അടക്കമുള്ള വിദേശികളും കടുത്ത ആശങ്കയിലാണ് സ്ഥാപനം മുന്നോട്ട് കൊണ്ട് പോകുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നേരത്തെ വാടകയില്‍ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായിട്ടും വാടകയില്‍ ഇളവ് അനുവദിക്കാന്‍ കെട്ടിടം ഉടമകള്‍ തയാറാകുന്നില്ല. വാടക കുറയ്ക്കണമെന്നു ആവശ്യപ്പെടുന്ന ഹോട്ടല്‍ ഉടമകളോടു പരുക്കന്‍ മട്ടിലാണ് കെട്ടിടം ഉടമകളുടെ പെരുമാറ്റം. കൂടുതല്‍ കച്ചവടം ലഭിച്ച മാസങ്ങളില്‍ ആരും കൂടുതല്‍ വാടക തന്നിട്ടില്ലെന്ന ന്യായവും ചില കെട്ടിടം ഉടമകള്‍ പറയുന്നുണ്ട്.ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ വൈകാതെ മിക്ക ഹോട്ടലുകള്‍ക്കും  താഴുവീഴുമെന്നാണ് റിപ്പോർട്ടുകൾ.

റെസ്റ്റോറന്റുകൾ വാങ്ങുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പല സാധങ്ങള്‍ക്കും  20 മുതൽ 100 ശതമാനം  വരെ വില വർധിച്ചതായി അൽ അർബാഷ് കൂട്ടിച്ചേർത്തു, കൊറോണക്ക്  മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭക്ഷണ എണ്ണകളുടെ  വില 40 ശതമാനം  വരെ വർധിച്ചു, അതേ കാലയളവിൽ വെണ്ണയുടെ  വിലയും  100 ശതമാനം ഉയർന്നു.സാധനങ്ങളുടെ വില ഉയര്‍ന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും   റെസ്റ്റോറന്റുകള്‍ നഷ്ടത്തിലേക്ക് പോകുവാന്‍ കാരണമായതായും അദ്ദേഹം പറഞ്ഞു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെ  അംഗീകാരമില്ലാതെ റെസ്റ്റോറന്റുകൾക്ക് മെനുവിലെ വിലകൾ ഉയർത്താൻ കഴിയില്ലെന്നത് നഷ്ടത്തിന്‍റെ വ്യാപ്തി കൂട്ടുന്നതായി ഫഹദ് അൽ അർബാഷ് പറഞ്ഞു. 

Related News