കൊവിഡ് വ്യാപനം കുറയുന്നു, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത; തീരുമാനം ഇന്നറിയാം

  • 06/02/2022

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. റാലികൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് അറിയാം. 

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇളവ് നൽകുന്ന കാര്യത്തിലുള്ള പുനരാലോചന.ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ചർച്ച നടത്തിയിരുന്നു. 

ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം മറ്റന്നാൾ അവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്. വോട്ടെടുപ്പ് അടുത്തതോടെ പ്രചാരണ രംഗം കൂടുതൽ സജീവമായി. അമിത് ഷാ, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് ജയന്ത് ചൗധരി എന്നിവർ അവസാന ഘട്ടത്തിലും സജീവമാണ്.  സമാജ് വാദി പാർട്ടിയിലെ അസംതൃപ്തരെ സഖ്യത്തിന് ക്ഷണിച്ചാണ് എഐഎം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി ഇന്നലെ പ്രചാരണം നടത്തിയത്.

Related News