ലതാ മങ്കേഷ്‌കറിന്റെ വിയോഗം: രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം; അനുശോചിച്ച് പ്രമുഖർ

  • 06/02/2022

ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ മരണത്തിൽ രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം. ഗായികയോടുള്ള ആദരസൂചകമായി രണ്ടുദിവസം ദേശീയ പതാക പകുതി താഴ്ത്തും. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ലതാ മങ്കേഷ്‌കറുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.വാക്കുകൾക്ക് അതീതമായ മനോവേദനയിലാണ് താനെന്നും ലതാ ദീദി നമ്മളെ വിട്ടുപിരിഞ്ഞെന്നും  പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ലതാ മങ്കേഷ്‌കറിന്റെ വിയോഗം ഒരിക്കലും നികത്താൻ കഴിയാത്ത വിടവാണ്. ഇന്ത്യൻ സംസ്‌കാരത്തിന്റെ അതികായകയെന്ന നിലയിൽ വരുംതലമുറകൾ അവരെ ഓർക്കും. ലതാ ദീദിയുടെ മരണത്തിൽ ഇന്ത്യക്കാർക്കൊപ്പം ഞാനും ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു- മോദി ട്വീറ്റ് ചെയ്തു. 

ലതാ മങ്കേഷ്‌കറിന്റെ വിയോഗം ഹൃദയഭേദകമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ പറഞ്ഞു. അവരുടെ നേട്ടങ്ങൾ സമാനതകളില്ലാതെ നിലനിൽക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലതാ മങ്കേഷ്‌കർ സംഗീതലോകത്തിന് നൽകിയ സംഭാവനകൾ വാക്കുകൾക്ക് അതീതമാണെന്നും അവരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു. ലതാ മങ്കേഷ്‌കറിന്റെ വിയോഗം രാജ്യത്തിന് തീരനഷ്ടമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പറഞ്ഞു.

Related News