വാവ സുരേഷിനായി തമിഴ്നാട്ടിൽ പ്രത്യേക പൂജ; നടത്തിയത് പൊലീസുകാരും പൊതുപ്രവർത്തകരും

  • 06/02/2022

പാമ്പ് കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യത്തിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി തമിഴ്നാട് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും. തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ കാളിരാജൻ, സബ് ഇൻസ്പെക്ടർ രാജഗോപാൽ, വനിത പോലീസ് ഉദ്യോഗസ്ഥ അൻപു സെൽവി, ലൂർദ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ശ്രീപാൽവണ്ണനാഥർ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയത്.

ഹിന്ദു പുരാണത്തിൽ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നാഗങ്ങൾക്ക് വളരെ വലിയ സ്ഥാനമാണ് നൽകുന്നത്. ഇതിനാൽ പാമ്പുകളെ പിടിച്ച് കൊല്ലാതെ സുരക്ഷിതമായ മറ്റൊരു സങ്കേതത്തിൽ തുറന്നുവിടുന്ന വാവ സുരേഷിനെ ആരാധനയോടെയാണ് തമിഴ്നാട്ടിലെ ഒരുവിഭാഗം ജനങ്ങൾ കാണുന്നത്. പൂജയോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപം വാവ സുരേഷ് രാജവെമ്പാലയുമായി നിൽക്കുന്ന വിവിധ തരത്തിലുള്ള ഫോട്ടോകൾ ചേർത്ത കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. 

വാവ സുരേഷിന്റെ ഫോട്ടോ പതിച്ച ബോർഡുമായി കരിവാലം വണ്ടനല്ലൂർ പോലീസിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് എത്തുകയും പൂജകൾ നടത്തുകയുമായിരുന്നു. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരുന്നെന്ന വാർത്തയിൽ സന്തോഷമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും പറഞ്ഞു.

Related News