ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് കർണാടക

  • 08/02/2022

ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു. 

അതേസമയം ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാർഥിനികൾ ചേർന്ന് നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വാദം കേൾക്കുന്നത് നാളേയും തുടരും. സംഘർഷങ്ങൾക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതിയും വിദ്യാർഥികളോടും പൊതുജനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. 

ഉഡുപ്പിയിലെ സർക്കാർ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാർഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാർഥിനികൾ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എനന് പേരിൽ ക്യാംപയിനും വിദ്യാർഥികൾ ആരംഭിച്ചിരുന്നു.

Related News