മേഘാലയിൽ ബിജെപി ഉൾപ്പെട്ട സഖ്യസർക്കാറിൽ ചേർന്ന് കോൺഗ്രസും

  • 08/02/2022

ദില്ലി: മേഘാലയയിൽ ബിജെപി ഉൾപ്പെട്ട സഖ്യസർക്കാറിൽ ചേർന്ന് കോൺഗ്രസ്. നാഷണൽ പീപ്പിൾസ് പാർട്ടി നയിക്കുന്ന എംഡിഎ സർക്കാറിലാണ് കോൺഗ്രസ് അംഗമായത്. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ മുഖ്യമന്ത്രി കൊൺറാഡ് കെ സാങ്മയെ കണ്ട് പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറി.

''അഞ്ച് കോൺഗ്രസ് എംഎൽഎമാർ സർക്കാറിന്റെ ഭാഗമാകാൻ തീരുമാനിച്ചു. സർക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ശക്തിപ്പെടുത്തുന്നതിന് എംഡിഎ (മേഘാലയ ഡെമോക്രാറ്റിക് അലയൻസ്) സർക്കാറിനെ പിന്തുണയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ പൗരന്മാരുടെ പൊതുതാൽപ്പര്യം മുൻനിർത്തി കോൺഗ്രസ് മുന്നോട്ട് പോകും''-കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അംപരീൻ ലിങ്ദോ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.

മേഘാലയയിൽ രണ്ട് അംഗങ്ങളുള്ള ബിജെപി നേരത്തെ സർക്കാറിന്റെ ഭാഗമാണ്. മേഘാലയയിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് ശേഷമാണ് സർക്കാറിൽ അംഗമാകാൻ മറ്റ് എംഎൽഎമാർ തീരുമാനിച്ചത്.

Related News