യുപി നാളെ പോളിംഗ് ബൂത്തിലേക്ക്, ചിത്രത്തിലില്ലാതെ കോൺഗ്രസ്

  • 09/02/2022

ദില്ലി/ ലഖ്‌നൗ: ഉത്തർപ്രദേശ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ആദ്യഘട്ടത്തിൽ 58 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അഭിപ്രായ സർവ്വേകളുടെ പിൻബലത്തിൽ ഭരണം തുടരുമെന്ന ആത്മവിശ്വാസം ബിജെപി പങ്കുവയ്ക്കുമ്പോൾ കർഷക പ്രതിഷേധത്തിൻറെ ആനുകൂല്യത്തിൽ  ഭരണം പിടിക്കാമെന്നാണ് സമാജ്‌വാദി പാർട്ടി - ആർഎൽഡി സഖ്യത്തിൻറെ പ്രതീക്ഷ. പ്രിയങ്കാഗാന്ധിയുടെ പ്രചാരണമൊഴിച്ചു നിർത്തിയാൽ കോൺഗ്രസ് ചിത്രത്തിലേയില്ലെന്നതാണ് യാഥാർത്ഥ്യം.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ അൻപത്തിയെട്ട് മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തി ജനവിധിയെഴുതുക. 2.27 കോടി വോട്ടർമാർ ആദ്യഘട്ടത്തിൽ വിധി നിർണയിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്.

യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ മത്സരരംഗത്തുള്ളത് അറുനൂറ്റി പതിനഞ്ച് സ്ഥാനാർത്ഥികളാണ്. ജാട്ടുകൾ നിർണായക ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഈ വിഭാഗത്തിൽ നിന്ന് ബിജെപി പതിനേഴ് സ്ഥാനാർത്ഥികളേയും സമാജ്‌വാദി പാർട്ടി - ആർഎൽഡി സഖ്യം 18 സ്ഥാനാർത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കർഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളിൽ മത്സരിച്ചാണ് സമാജ്‌വാദി പാർട്ടിയും ആർഎൽഡിയും പ്രകടന പത്രികകൾ പുറത്തിറക്കിയത്.

Related News