സോണിയ ഗാന്ധി വാടക കുടിശിക നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ; അഴിമതി നടത്താൻ കഴിയാത്തതിനാൽ പണം കാണില്ലെന്ന് ബിജെപി

  • 10/02/2022

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്ക് വാടക കുടിശിക. 2020 സെപ്റ്റംബറിന് ശേഷം വാടക നൽകിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. പത്ത് വർഷമായി എഐസിസി ആസ്ഥാനത്തിൻറെ വാടകയും കുടിശികയാണ്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോണിയ ഗാന്ധിയുടെ വസതിയുടെ വാടക കുടിശിക ഇന്ന് തന്നെ അടയ്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

സോണിയ ഗാന്ധിയുടെ വസതിക്ക് വാടക കുടിശികയെന്ന് കേൾക്കുമ്പോൾ ഭീമമായ തുകയാണന്ന് തെറ്റിദ്ധരിക്കരുത്. വെറും നാലായിരത്തി അറൂനൂറ്റി പത്ത് രൂപയാണ് കുടിശികയായത്. എന്നാൽ 17മാസമായി പത്ത് ജൻപഥിലെ ഔദ്യോഗിക വസതിയുടെ വാടക അടച്ചിട്ടില്ല. സുജിത് പട്ടേൽ എന്ന വിവരാവകാശ പ്രവർത്തകന് ഹൗസിംഗ് ആൻറ് അർബൻ ഡവലപെൻറ് മന്ത്രാലയം നൽകിയ വിവരാവകാശ രേഖയുടെ വിവരങ്ങൾ വാർത്ത ഏജൻസിയായ എഎൻഐയാണ് പുറത്ത് വിട്ടത്. 2012 ഡിസംബറിന് ശേഷം എഐസിസി ആസ്ഥാനത്തിൻറെ വാടകയും നൽകിയിട്ടില്ല. കുടിശിക ഇനത്തിൽ പന്ത്രണ്ട് ലക്ഷത്തി അറുപത്തിയൊൻപതിനായിരത്തി തൊള്ളായിരത്തി രണ്ട് രൂപ അടയ്ക്കാനുണ്ട്. 2010ൽ റോസ് അവന്യൂവിൽ ആസ്ഥാനം നിർമ്മിക്കാൻ കേന്ദ്രം സ്ഥലം അനവദിച്ചിട്ടും ഇനിയും പണി പൂർത്തിയാക്കിയിട്ടില്ല.

സ്ഥലം കിട്ടിയാൽ മൂന്ന് വർഷത്തിനുള്ളിൽ മാറണമെന്ന നിർദ്ദേശവും പാലിച്ചിട്ടില്ല. സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിൻസെൻറെ ജോർജ്ജിൻറെ ഔദ്യോഗിക വസതിക്ക് അഞ്ച് ലക്ഷം രൂപയിലേറെ വാടക കുടിശിക നൽകാനുണ്ട്. അതേസമയം എസ്പിജിയായിരുന്നു സോണിയ ഗാന്ധിയുടെ വസതിയുടെ വാടക നൽകിയിരുന്നതെന്നും സുരക്ഷ പിൻവലിച്ച ശേഷം കുടിശികയായ വിവരം അറിഞ്ഞില്ലെന്നുമാണ് കോൺഗ്രസിൻറെ വിശദീകരണം. അഴിമതി നടത്താൻ അവസരം കിട്ടാത്തതിനാൽ സോണിയയുടെ കൈയിൽ പണം കാണില്ലെന്നാണ് പരിഹാസവുമായി രംഗത്തെത്തി. സോണിയ റിലീഫ് ഫണ്ടിലേക്ക് പത്ത് രൂപ അയച്ച് സഹായിക്കണമെന്ന ക്യാമ്പയിനും സമൂഹ മാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്.

Related News