ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടുകൾ; ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ

  • 10/02/2022

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ തുടരുന്നു. ബിഎസ്എഫിനും വ്യോമ സേനയ്ക്കുമൊപ്പം ഗുജറാത്ത് തീരദേശ പൊലീസും ഓപ്പറേഷന്റെ ഭാഗമാണ്. ബുധനാഴ്ച അർധരാത്രിയോടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്.

ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്‌കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.

അതേസമയം, കർണാടകയിലെ ഹിജാബ് നിരോധനം വലിയ വിവാദമായതിന് പിന്നാലെ  ഇന്ത്യൻ സ്ഥാനപതിയെ പാകിസ്ഥാൻ വിളിച്ചുവരുത്തി. വിദേശകാര്യ മന്ത്രാലയത്തിലെത്തിയ സ്ഥാനപതി കർണ്ണാടകയിലെ സ്ഥിതിവിശേഷങ്ങൾ പാക്ക് സർക്കാർ പ്രതിനിധികളുമായി പങ്കുവച്ചു. ഇന്ത്യയിൽ മുസ്ലീകൾക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള  ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കർണ്ണാടകയിൽ ഹിജാബിൻറെ പേരിൽ  സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം ഇന്ത്യൻ ഗവൺമെൻറ്  തടയണമെന്നും  മുസ്ലീം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related News