ദേശവിരുദ്ധ വാർത്തകൾ; രണ്ടുമാസത്തിനിടെ 60 സാമൂഹികമാധ്യമ അക്കൗണ്ടുകൾ റദ്ദാക്കി

  • 11/02/2022

തൃശ്ശൂർ: രാജ്യത്തിനെതിരായ വാർത്തകൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടുമാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹികമാധ്യമ അക്കൗണ്ടുകൾ. യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലാണിവ. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് നടപടിയെടുത്തത്. റദ്ദാക്കിയതിൽ 55 എണ്ണം യുട്യൂബ് ചാനലുകളാണ്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും രണ്ടുവീതവും ഫെയ്‌സ്ബുക്കിൽ ഒരെണ്ണവും. റദ്ദാക്കപ്പെട്ട യുട്യൂബ് ചാനലുകൾ പാകിസ്താൻ സ്‌പോൺസർ ചെയ്തവയാണെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത്.

2021 ഫെബ്രുവരിയിൽ നിലവിൽവന്ന ഐ.ടി. ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. ഇത്രയും അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത് ചട്ടം നിലവിൽവന്നശേഷം ആദ്യമായാണ്. ഫാക്ട് ചെക്കിങ് യൂണിറ്റിലെ പരിശോധനകളുടെക്കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നടപടി വന്നത്. വൈറൽ ന്യൂസ് എന്ന പേരിൽ പ്രചരിക്കുന്നവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

വാർത്താവിതരണമന്ത്രാലയം സ്വമേധയാ എടുത്ത കേസുകളും ദേശീയ അന്വേഷണ ഏജൻസികളായ ഐ.ബി., റോ, സൈന്യ വിഭാഗങ്ങൾ എന്നിവ കൈമാറിയ കേസുകളുമുണ്ട്. ഐ.ടി. ചട്ടപ്രകാരം ഓരോ മാസവും 15-ന് പരാതികളെ സംബന്ധിച്ചുള്ള വിവരങ്ങളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൊടുക്കണം. അങ്ങനെ കിട്ടിയ റിപ്പോർട്ടും റദ്ദാക്കൽനടപടികൾക്ക് ഉപയോഗപ്പെടുത്തി.

അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന വാർത്തകളിലെ ദേശവിരുദ്ധത കണ്ടെത്താൻ പ്രസ് കൗൺസിൽ പോലുള്ള സംവിധാനമുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇത്തരമൊന്ന് ഇല്ലാത്തതിന് ഐ.ടി. ചട്ടം പരിഹാരമായെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.

Related News