പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആർ.സി.ടി.സി. പുനഃരാരംഭിക്കുന്നു

  • 12/02/2022

ന്യൂ ഡൽഹി: തീവണ്ടിയിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആർ.സി.ടി.സി. പുനഃരാരംഭിക്കുന്നു. യാത്രക്കാരുടെ നിരന്തര ആവശ്യവും രാജ്യത്തെ കോവിഡ് ഇളവുകളും പരിഗണിച്ചാണ് ഈ തീരുമാനം. ഫെബ്രുവരി 14 മുതൽ ഇത് പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡിൽനിന്ന് ലഭിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നത്. 428 ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആകെയുള്ളതിൽ 2021 ഡിസംബറോടെ 30 ശതമാനം തീവണ്ടികളിലാണ് പാകം ചെയ്ത ഭക്ഷണവിതരണം പുനഃസ്ഥാപിച്ചത്.  രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.

2022 ജനുവരിയിൽ 80 ശതമാനവും ബാക്കി 20 ശതമാനം 2022 ഫെബ്രുവരി 14-നകം പുനഃസ്ഥാപിക്കുമെന്നും റെയിൽവേയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. റെഡി ടു ഈറ്റ് ഭക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷ കണക്കിലെടുത്താണ് കാറ്ററിംഗ് സർവീസുകൾ നിർത്തിവെച്ചത്. കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് റെയിൽവേയിലും 2020 മാർച്ച് 23 മുതൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്. രാജ്യത്ത് രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ, 2020 ഓഗസ്റ്റ് 5-ന് ട്രെയിനുകളിൽ റെഡി ടു ഈറ്റ് മീൽസ് ആരംഭിച്ചിരുന്നു.

റെയിൽവേ മന്ത്രാലയത്തിന്റെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) ഇന്ത്യൻ റെയിൽവേയിലെ യാത്രക്കാർക്ക് പ്രീമിയം സേവനങ്ങൾ നൽകുന്നതിൽ മുൻപന്തിയിലാണ്.

Related News