ലൈംഗിക, ഗാർഹിക പീഡനവും ഇനി അച്ചടക്കലംഘനം, പാർട്ടി ഭരണഘടന മാറ്റാൻ സിപിഎം

  • 13/02/2022

ദില്ലി: ഗാർഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി പ്രത്യേകം രേഖപ്പെടുത്താൻ സിപിഎം തീരുമാനം. പാർട്ടിയുടെ ഭരണഘടന ഇതിനായി പ്രത്യേകം ഭേദഗതി ചെയ്യാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. 

എന്തെല്ലാമാണ് പാർട്ടിയിൽ അച്ചടക്കലംഘനമായി കണക്കാക്കുക എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന പാർട്ടി ഭരണഘടനയുടെ ഭാഗത്ത് ഇത് കൂടി എഴുതിച്ചേർക്കാനാണ് സിപിഎം തീരുമാനം. മുൻ പാർട്ടി കോൺഗ്രസുകളിൽ ഉയർന്ന നിർദ്ദേശം കണക്കിലെടുത്താണ് സിപിഎമ്മിന്‍റെ ഈ തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു. ഇനി ഒരു പാർട്ടി അംഗം ലൈംഗിക, ഗാർഹിക പീഡനം നടത്തിയാൽ, അത് ഗുരുതരമായ അച്ചടക്കലംഘനമായിത്തന്നെ കണക്കാക്കപ്പെടും. 

ഇത്തവണ സിപിഎം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആറ് മുതൽ പത്താം തീയതി വരെ കണ്ണൂരിലാണ് നടക്കുന്നത്. ഈ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട ഭരണഘടനാ ഭേദഗതികളെക്കുറിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിശദമായ ചർച്ചകൾ നടന്നിരുന്നു. രണ്ട് പ്രധാനനിർദേശങ്ങളാണ് കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുക. പാർട്ടിയിൽ അച്ചടക്കലംഘനം നടന്നതായി കണക്കാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ഭാഗത്ത് എന്തെല്ലാം കാര്യങ്ങൾ പുതുതായി എഴുതിച്ചേർക്കണമെന്നതാണ് ഒരു നിർദേശം. 

Related News