280 പവൻ സ്വർണവും 25 ലക്ഷം രൂപയും കാറും കൊള്ളയടിച്ചു; ഡോക്ടർ ദമ്പതികളെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

  • 17/02/2022

ചെന്നൈ: ചെന്നൈ ദിണ്ടി​ഗൽ ജില്ലയിൽ ഡോക്ടർ ദമ്പതികളെ കെട്ടിയിട്ട് 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും  കാറും കൊള്ളയടിച്ചു. ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നാലം​ഗ സംഘമാണ് കവർച്ച  നടത്തിയത്. 

 രാത്രി രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ മതില്‍ ചാടിയാണ് നാലംഗ കവര്‍ച്ചാ സംഘം വീട്ടുവളപ്പില്‍ കടന്നത്. വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്നു. വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കാറിന്റെ താക്കോലും  സംഘം കൈക്കലാക്കി.  ശക്തിവേലിന്റെ കാറിലാണ് കവർച്ചയ്ക്ക് ശേഷം സ്വര്‍ണവും പണവുമായി സംഘം രക്ഷപ്പെട്ടത്. ഇവര്‍‌ പോയതിന് പിന്നാലെ കെട്ടഴിച്ച ഡോ.ശക്തിവേല്‍ സംഭവം ദിണ്ടിഗല്‍ പോലീസിനെ അറിയിച്ചു. 

ശക്തിവേലും കുടുംബവും താമസിച്ചിരുന്നതിന് സമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല. സമീപത്ത് വലിയൊരു കെട്ടിടം നിര്‍മിക്കുന്നതിനാല്‍ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ലെന്ന് പോലീസ് പറഞ്ഞു. മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ചാ സംഘം കൊള്ളയടിച്ചത്. വീട്ടിലെ നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ച്ചയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

കവർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്ന നാലുപേരും 25-നും 30-നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. ദിണ്ടിഗല്‍ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. കവർച്ചക്കാരെ പിടികൂടാൻ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു.

Related News