കുവൈത്തിലേക്കുള്ള പ്രവേശനം; നാളെ മുതൽ നടപ്പാകുന്ന തീരുമാനങ്ങൾ ഇങ്ങിനെ

  • 19/02/2022


കുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനങ്ങൾ നാളെ മുതൽ നടപ്പാക്കി തുടങ്ങും. പൗരന്മാർക്കും ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ബാധകമാണ് ഈ നടപടിക്രമങ്ങളെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഒരു ഡോസ് സ്വീകരിച്ചവർ ഉൾപ്പെടുന്ന വാക്സിനേഷൻ സ്വീകരിക്കാത്ത വിഭാ​ഗത്തിന് നിബന്ധനകൾ പാലിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം. കുവൈത്തിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പിസിആർ പരിശോധന ഫലം ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവർ ഹാജരാക്കണം. രാജ്യത്ത് എത്തി ഏഴ് ദിവസം ഹോം ക്വാറന്റൈൻ പാലിക്കണമെന്നും നിർദേശമുണ്ട്. തുടർന്ന് ഏഴാം ദിവസം പിസിആർ പരിശോധന നടത്തി ക്വാറന്റൈൻ അവസാനിപ്പിക്കാം.

രണ്ട് ഡോസുകൾ സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ടവർ ഉൾപ്പെടെ വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് രാജ്യത്തേക്ക് വരുന്നതിന് മുമ്പുള്ള പിസിആർ പരിശോധന ആവശ്യമില്ല. രാജ്യത്ത് എത്തി ഏഴ് ദിവസം ഹോം ക്വാറന്റൈൻ പാലിക്കണം. പിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് ആണെങ്കിൽ നേരത്തെ തന്നെ ക്വാറന്റൈൻ അവസാനിപ്പിക്കാനും ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവർക്ക് സാധിക്കും. ബൂസ്റ്റർ ഡോസ് അടക്കം സ്വീകരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയവർ, രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം പിന്നിടാത്തവർ, കൊവിഡ് വന്ന് മൂന്ന് മാസം കഴിയാത്തവർ എന്നീ വിഭാ​ഗങ്ങൾക്ക് പൂർണ ഇളവ് അനുവദിച്ചിട്ടുണ്ട്. 

രാജ്യത്തേക്ക് വരുന്നതിന് മുമ്പുള്ള പിസിആർ പരിശോധനയും എത്തിക്കഴിഞ്ഞുള്ള ഹോം ക്വാറന്റൈനും ഇവർക്ക് ബാധമല്ല. 16 വയസിൽ താഴെയുള്ള കുട്ടികളെയും എല്ലാ നിബന്ധനകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ രാജ്യത്ത് എത്തുന്ന എല്ലാവരും വീട്ടിൽ തന്നെ റാപ്പിഡ് പരിശോധന നടത്തണമെന്ന് മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്. ഇതിൽ പൊസിറ്റീവ് ആയാൽ പിസിആർ പരിശോധന നടത്തണമെന്നും അധികൃതർ വ്യക്തമാക്കി.

Related News