'നമസ്തേ കുവൈത്ത്' ആഘോഷ പരിപാടികൾക്ക് തുടക്കമായി

  • 22/02/2022

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസ്സിയില്‍ കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന 'നമസ്തേ കുവൈത്ത്' ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഒരാഴ്ച നീളുന്ന പരിപാടി എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജും പത്നി ജോയ്‌സ് സിബിയും ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സംസ്കാരത്തിന്റെയും ബഹുസ്വര നാഗരികതയുടെയും സമ്പന്നത അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ ഉയർത്തിക്കാട്ടി. ഇന്ത്യക്കാർ എന്നത് അഭിമാനിക്കാവുന്ന സ്വത്വമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന സംസ്കാരവും ജീവിതവും രാജ്യത്തെ സമ്പന്നമാക്കുന്നു. ലോകത്തിലെ ആറിലൊന്ന് ജനസംഖ്യ ഇന്ത്യയിലാണ്.


കോവിഡ് മഹാമാരി കാലത്ത് ഇന്ത്യയിൽ നിർമിച്ച വാക്സിൻ നിരവധി രാജ്യങ്ങളിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് സഹായിച്ചു. ലോകം ഒരു കുടുംബം എന്ന തത്ത്വചിന്തയാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.
പത്തു ലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ ജീവിക്കുന്നു. ഇന്ത്യയുടെ അടുത്ത സുഹൃദ്രാജ്യമായ കുവൈത്ത് ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ അവരുടെ സന്തോഷത്തിനൊപ്പം നാം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നൃത്തനൃത്യങ്ങളും ഗാനാലാപനവും നടന്നു.

Related News