വിദേശത്തേക്ക്‌ പണം അയക്കുന്നതിനു കൂടുതൽ നിയന്ത്രണങ്ങൾ; വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് കുവൈത്ത് സെൻട്രൽ ബാങ്ക്

  • 23/02/2022

കുവൈത്ത് സിറ്റി : രാജ്യത്തെ ബാങ്കുകൾ, ഫിനാൻസ് സ്ഥാപനങ്ങള്‍ , എക്സ്ചേഞ്ച് കമ്പനികൾ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകളെ എങ്ങനെയാണ് തരം തിരിക്കുന്നതെന്നും ചാരിറ്റി സൊസൈറ്റികളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അധികൃതര്‍ക്ക് നല്‍കുന്നുണ്ടെയെന്ന് അറിയിക്കാനും കുവൈത്ത് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. ഇത് സംബന്ധമായ ചര്‍ച്ചകള്‍ അടുത്ത മാസത്തില്‍ അന്തരാഷ്ട്ര ഏജന്‍സിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) നേതൃത്വത്തില്‍  നടത്തുമെന്ന് പ്രാദേശിക പത്രം അൽ-റായി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ തങ്ങളുമായി ബന്ധമില്ലാത്ത വിദേശത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയക്കരുതെന്ന് വിദേശികൾക്കും സ്വദേശികൾക്കും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, ഭിക്ഷാടനം, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്കുള്ള ധനസഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍.

ഹവാല പണമിടപാടിനെതിരെ ശക്തമായ നടപടികളാണ് കുവൈത്ത് കൈക്കൊണ്ടിട്ടുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന സ്വീകരിക്കുന്നതിന് ഉൾപ്പെടെ കർശന നിബന്ധനകളുണ്ട്. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ജീവകാരുണ്യ പ്രവത്തനങ്ങൾക്കായാലും പണം പിരിക്കുന്നത് നിയമവിരുദ്ധമാണ്. സംഭാവനകൾ നൽകുന്നത് ബാങ്ക് വഴിയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.ഇലക്ട്രോണിക് അല്ലെങ്കില്‍ ബാങ്കിങ് സേവനം ഉപയോഗിച്ച് വിശ്വസനീയമല്ലാത്ത കക്ഷിക്കും പരിചയമില്ലാത്തവര്‍ക്കും പണം കൈമാറുന്നത് സംശയത്തിന് ഇടയാക്കുമെന്നും ഇത്തരം ആളുകള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കുന്നതിനെ ചെറുക്കുന്നതില്‍ ബാങ്കുകളുടേയും എക്സ്ചേഞ്ച് കമ്പനികളുടേയും പങ്ക് വലുതാണ്‌. അതുപോലെ തന്നെ ഈ കുറ്റകൃത്യത്തിനെതിരെ പോരാടുന്നതിലും അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിലും ക്ലയന്റുകളെ കൈകാര്യം ചെയ്യുന്നതിലും സംശയാസ്പദമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ശരിയായ രേഖകള്‍ സൂക്ഷിക്കുന്നതിലും സാമ്പത്തിക സ്ഥാപനങ്ങള്‍ തങ്ങളുടെ കടമ നിര്‍വഹിക്കേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം ഓര്‍മപ്പെടുത്തുന്നു.

മേയ് മാസത്തിലാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) സംഘം കുവൈത്ത് സന്ദര്‍ശിക്കുക. 1989 ലാണ് എഫ്‌എ‌ടി‌എഫ് സ്ഥാപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, വ്യാപനം, അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയുമായി ബന്ധപ്പെട്ട ഭീഷണികൾ ചെറുക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും നിയമപരമായ നടപടികൾ സ്വീകരിക്കുയുമാണ്‌ എഫ്എടിഎഫ് ചെയ്യുന്നതെന്നും സംശയാസ്പദമായ സാമ്പത്തിക കൈമാറ്റങ്ങള്‍ എഫ്എടിഎഫ് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സുമായി യൂറോപ്യൻ കമ്മീഷൻ, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലും അമ്പതിലേറെ രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News