ഉക്രൈനില്‍ കുടുങ്ങി ആയിരക്കണക്കിന് അറബ് വിദ്യാര്‍ത്ഥികള്‍; ഭക്ഷണമോ വെള്ളമോ ശുചിമുറിയോ പോലുമില്ല

  • 27/02/2022

കുവൈത്ത് സിറ്റി : ഉക്രൈനില്‍ ആയിരക്കണക്കിന് അറബ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങികിടക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനിന്റെ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളിലുമാണ് വിദ്യാർത്ഥികൾ യുദ്ധാന്തരീക്ഷത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതത്തിലായത്. 10,000-ത്തിലധികം അറബ് വിദ്യാർത്ഥികളാണ് ഉക്രൈനിലെ വിവിധ സർവ്വകലാശാലയിൽ പഠിക്കുന്നത്.സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടർന്ന് തൊട്ടടുത്തുള്ള ബങ്കറുകളിലും ഭൂഗർഭമെട്രോ സ്റ്റേഷനുകളിലുമാണ് വിദ്യാര്‍ഥികള്‍ അഭയം തേടിയിരുന്നത് . എന്നാൽ, ഇവിടെ എത്തിയ പലരും ഭക്ഷണമോ വെള്ളമോ പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ശുചിമുറിയും, എല്ല് മരവിക്കുന്ന തണുപ്പിൽ നിന്ന് രക്ഷനേടാൻ പുതപ്പും ഇല്ലാതെ പലരും വെറും നിലത്തിരുന്ന് രക്ഷപ്പെടാൻ വഴി തേടുകയാണ്. പലരുടെയും മൊബൈലുകളിൽ ചാർജ് തീരാറായെന്നും പുറത്തുള്ള കൃത്യമായ വിവരങ്ങൾ ഒന്നും അറിയുന്നില്ലെന്നും വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. പലരും രാത്രിയുടെ കൊടുംതണുപ്പിൽ വെറും നിലത്ത് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. 

പുതപ്പോ തണുപ്പിനെ നേരിടാനുള്ള മറ്റ് സൗകര്യങ്ങളോ ഇവർക്ക് ലഭ്യമല്ല. തണുപ്പിനെ പ്രതിരോധിക്കാൻ കോട്ടുകൾ മാത്രമാണ് പലർക്കും ഉള്ളത്. യുദ്ധം ആരംഭിച്ചത് എംബസിയുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തിട്ടില്ലെന്ന് ഇറാഖി സ്വദേശിയായ മുഹമ്മദ് പറഞ്ഞു.ഉക്രൈനില്‍ ഏകദേശം 5,500 ഇറാഖി സ്വദേശികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതില്‍ 450 പേർ വിദ്യാർത്ഥികളാണ്. പലരും യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ അയൽരാജ്യമായ പോളണ്ടിലേക്കും റൊമാനിയയിലേക്കും രക്ഷപ്പെട്ടതായി വിദ്യാര്‍ഥി വെളിപ്പെടുത്തി.സിറിയ, ലെബനോന്‍.ഈജിപ്ത്, മൊറോക്ക, ടുണീഷ്യ തുടങ്ങിയ അറബ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളും ഉക്രൈനില്‍ പഠനം നടത്തുന്നുണ്ട്. അതേസമയം. എല്ലാവരും ഹോസ്റ്റലില്‍ തുടരുകയാണെന്നും എംബസി നല്‍കുന്ന നിര്‍ദേശമനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഉക്രൈനില്‍ നിന്നുള്ള സിറിയൻ വിദ്യാര്‍ഥികള്‍ പറഞ്ഞു.


‘ഞങ്ങള്‍ ഇപ്പോഴും ഹോസ്റ്റലില്‍ തന്നെയാണുള്ളത്. ഈജിപ്ത് എംബസി പറയുന്നത് നില്‍ക്കുന്ന ഇടത്തുതന്നെ നില്‍ക്കുക എന്നാണ്. പുറത്തേക്കിറങ്ങേണ്ട എന്ന നിര്‍ദേശവും ലഭിച്ചിട്ടുണ്ട്.എംബസിയെ വിശ്വസിച്ചാണ് ഞങ്ങളിപ്പോള്‍ മുന്നോട്ടുപോകുന്നത്. ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വ്യത്യസ്ത സോഴ്‌സുകളില്‍ നിന്നുള്ള വിവരം. നാട്ടിലേക്ക് മടങ്ങാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ഭക്ഷണ ശാലകള്‍ അടച്ചിട്ടുണ്ടെങ്കിലും അത്യാവശ്യമുള്ള സാധനങ്ങളൊക്കെ തല്‍ക്കാലം ലഭിക്കുന്നുണ്ട്,’ സമീർ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു.ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഭക്ഷണ ശാലകള്‍ അടയ്ക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനികളായ നിഹാല ഇഖ്ബാലും നിമിഷയും പ്രതികരിച്ചു. തങ്ങള്‍ക്ക് ഇതുവരെ എംബസിയെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ലെബനീസ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Related News