പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ചകളെ മോഷ്ടിച്ച് മുണ്ടിനുള്ളിലൊളിപ്പിച്ചു; സിസിടിവി ദൃശ്യങ്ങളില്‍ 'കുടുങ്ങി' പ്രതി

  • 03/04/2022

പാലാ: വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട മൂന്ന് പൂച്ചകളെ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍.  ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചനെയാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി.തോംസണ്‍ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസില്‍ നിന്നും പോലീസ് കണ്ടെത്തി. 

പച്ചാത്തോട് പെറ്റ്സ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ മാര്‍ച്ച് 30-ന് രാത്രി 10.45-നാണ് പൂച്ചകളെ മോഷ്ടിച്ചത്. 27000 രൂപയോളം വില വരുന്നതാണ് പൂച്ചകള്‍. സംഭവ ദിവസം ലിജോ കടയ്ക്കുള്ളില്‍ കയറി മൂന്ന് പൂച്ചകളെ മോഷ്ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളില്‍ ആക്കിയ ശേഷം പുറത്തേക്ക് പോയി. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഒരുമാസത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 24-ാം തീയതി ഭാര്യയോടും കുട്ടികളോടുമൊപ്പം പ്രതി ഈ സ്ഥാപനത്തില്‍ എത്തി ചെറിയ ഒരു പട്ടിക്കുട്ടിയെ നല്‍കി മറ്റൊരു പട്ടിയെ വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

ഇയാള്‍ മണിമല പൊലീസ് സ്റ്റേഷനിലെ വധശ്രമം, പോക്‌സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. എസ്‌ഐ എം.ടി.അഭിലാഷ്, എഎസ്‌ഐ ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിപിഒ സി.രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Related News