കല്യാണം കഴിഞ്ഞ് വെറും രണ്ട് മാസം; യുവാവിനെ കുത്തിക്കൊന്നു, ദുരഭിമാനക്കൊലയെന്ന് സംശയം

  • 05/05/2022

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവാവിനെ കുത്തിക്കൊന്നു. കല്യാണം കഴിഞ്ഞ് വെറും രണ്ടുമാസം മാത്രം കഴിയവെയാണ് യുവാവിന്‍റെ ദാരുണ മരണം. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ യുവാവിന്റെ ഭാര്യയുടെ ബന്ധുക്കളാണെന്ന് പോലീസ് പറയുന്നു.

ഹൈദരാബാദില്‍ സരൂര്‍നഗര്‍ തഹസില്‍ദാര്‍ ഓഫീസിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമി നാഗ്‌രാജിനെ കുത്തി കൊല്ലുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ നാഗ്‌രാജിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയുടെ ബന്ധുക്കളാണെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു. രണ്ടുമാസം മുന്‍പാണ് 25 വയസ്സുള്ള നാഗ്‌രാജ്, സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ വിവാഹം കഴിച്ചത്. 

കോളജ് കാലം മുതൽ പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ആര്യസമാജ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സുല്‍ത്താനയുടെ വീട്ടുകാര്‍നാഗ്‌രാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സുല്‍ത്താനയെ വിവാഹം കഴിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു.

ഇതരമതത്തില്‍പ്പെട്ടവര്‍ ആയതിനാല്‍ ഇരുവര്‍ക്കും വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നു. ഭാര്യയുടെ വീട്ടുകാര്‍ നാഗ്‌രാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കാര്‍ ഷോറൂമില്‍ സെയില്‍സ്മാനായിരുന്നു നാഗ്‌രാജ്. 

Related News