ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വനിതാ എസ് ഐ

  • 06/05/2022

നഗാവ്: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വനിതാ സബ് ഇന്‍സ്‌പെക്ടര്‍. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. വഞ്ചനാക്കുറ്റത്തിനാണ്  പ്രതിശ്രുത വരനെ അസം പോലീസിൽ സബ് ഇൻസ്പെക്ടറായ ജുൻമോണി റാഭ അറസ്റ്റ് ചെയ്തത്. വ്യാജ വിവരങ്ങൾ നൽകി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് ഭാവി വരനായ റാണ പഗാഗിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒഎൻജിസിയിൽ പിആർ ഓഫിസറാണെന്ന് കള്ളം പറഞ്ഞാണ് ഇയാൾ 
വനിതാ എസ്ഐയുമായി വിവാഹം നിശ്ചയിച്ചത്. ഇയാൾ, ഒഎൻജിസി ജീവനക്കാരനല്ലെന്നു ചിലർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പ് എസ്ഐ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

ഇയാളുടെ പക്കല്‍ നിന്നും ഒഎന്‍ജിസിയുടെ പേരില്‍ നിര്‍മിച്ച വ്യാജ ഐഡന്റിറ്റി കാര്‍ഡ്, രണ്ട് ലാപ്ടോപ്പുകള്‍, 13 സീലുകള്‍, ഒന്‍പത് പാസ്ബുക്കുകള്‍, ചെക്ക്ബുക്ക്, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു പെന്‍ഡ്രൈവ്, രണ്ട് വാക്കി ടോക്കികള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഒഎൻജിസിയിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാൾ ഒട്ടേറെപ്പേരിൽനിന്ന് പണം വാങ്ങിയതായും പോലീസ്  കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും സീലുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. ഈ വർഷം നവംബറിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. '2021 ജനുവരിയിലാണ് ആദ്യമായി അയാളെ കാണുന്നത്. തുടർന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും സമ്മതിച്ചതോടെ കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനായിരുന്നു വിവാഹ നിശ്ചയം. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലം മാറ്റം കിട്ടി. സിൽചാറിലേക്കും മാറ്റം ലഭിച്ചതായും അവിടേക്ക് ജോലിക്ക് പോകുന്നില്ലെന്നും  ഇയാൾ പറഞ്ഞു. എന്നാൽ അയാളേക്കുറിച്ച്  എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു'- എസ്ഐ പറഞ്ഞു. 

 കഴിഞ്ഞ ദിവസം എന്നെ കാണാനെത്തിയ മൂന്ന് പേര്‍  ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞെന്നും ഇതോടെ സംശയം ബലപ്പെട്ടെന്നും ഒഎൻജിസിയിൽ പിആർ ഓഫിസറാണെന്നാണ് പറഞ്ഞത് സത്യമല്ലെന്ന് വ്യക്തമായതോടെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയായിരുന്നെന്നും അവർ പറഞ്ഞു. 

Related News