തമിഴ്‌നാട്ടില്‍ ലുലുമാള്‍ നിര്‍മാണം തടയുമെന്ന് ബി.ജെ.പി

  • 07/05/2022

കൊയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ആരംഭിക്കാനിരിക്കുന്ന ലുലുമാള്‍ നിര്‍മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.

മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടിരുന്നത്.

അതേസമയം, ഹിന്ദു മഹാസമ്മേളനത്തിനിടെ പി.സി. ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനിടെ ലുലുമാളിനെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. ലുലു മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും മലപ്പുറത്തും കോഴിക്കോടും യൂസഫലി ലുലു മാള്‍ ആരംഭിക്കില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഇത് സംഘപരിവാര്‍ ഏറ്റെടുക്കയും ചെയ്തിരുന്നു.

Related News