തജീന്ദറിനെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്; രാത്രി ഹര്‍ജി പരിഗണിച്ച് സ്റ്റേ നല്‍കി ഹൈക്കോടതി

  • 07/05/2022

ചണ്ഡീഗഢ്: തജിന്ദര്‍ ബഗ്ഗയുമായി ബന്ധപ്പെട്ട പഞ്ചാബ് സര്‍ക്കാരിന്റെ നീക്കവും കോടതി നടപടികളും ചര്‍ച്ചാവിഷയമാകുന്നു. തജിന്ദര്‍ ബഗ്ഗയ്‌ക്കെതിരെ രാത്രി പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യ പ്രകാരം മൊഹാലി കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി സ്‌റ്റേ ഓര്‍ഡര്‍ ഇറക്കുകയായിരുന്നു. 

അറസ്റ്റ് വാറണ്ടിനെതിരെ തജിന്ദര്‍ ബഗ്ഗ രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയെന്നതാണ് പ്രെത്യേകത. ഇതോടെ വിഷയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ വിമര്‍ശനമാക്കി ബി ജെ പി മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് അനൂപ് ചിറ്റ്ക്കാര വസതിയിലാണ് വാദം കേട്ടത്. ബിജെപി നേതാവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് മൊഹാലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാദം കേട്ട ശേഷം ഹൈക്കോടതി അറസ്റ്റിന് താത്കാലിക വിലക്കേര്‍പ്പെടുത്തി. 

മെയ് പത്ത് വരെ തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതിനാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്. ബഗ്ഗയുടെ ഹര്‍ജി പ്രധാന കേസിനോടൊപ്പം ചേര്‍ക്കുമെന്നും കേസ് പത്തിന് വീണ്ടും പരിഗണിക്കാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതോടെ ബിജെപി കെജ്രിവാളിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. വീണ്ടും നീതിയും ധര്‍മ്മവും വിജയിക്കുന്നുവെന്നാണ് ബി ജെ പി എംപി തേജസ്വി സൂര്യ അഭിപ്രായപ്പെട്ടത്. കെജ്രിവാള്‍ വീണ്ടും നാണംകെട്ടെന്ന് ബിജെപി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Related News