ദാമ്പത്യ പ്രശ്നം തീർക്കാൻ ഭർതൃവീട്ടുകാരുടെ ക്രൂരത; 79 ദിവസം മന്ത്രവാദി പീഡിപ്പിച്ചു, പരാതിയുമായി യുവതി

  • 08/05/2022

ഒഡിഷ: വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവും ഭർതൃ മാതാപിതാക്കളും നിർബന്ധിച്ചെന്ന പരാതിയുമായി യുവതി. ഒഡീഷയിലെ  ബാലസോർ ജില്ലയിൽ നിന്നുള്ള സ്ത്രീയാണ്  മന്ത്രവാദിക്കും ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ പരാതി നല്‍കിയത്. ഈ ദമ്പതികൾക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. 

എസ്‌കെ തരാഫ് എന്നയാളാണ് ക്ഷുദ്ര പ്രയോഗങ്ങളും മറ്റും നടത്തുന്നയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 79 ദിവസത്തോളം മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. 2017-ൽ വിവാഹം കഴിച്ചതുമുതൽ ഭർതൃ വീട്ടുകാരുമായി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് പരാതിയിൽ യുവതി പറയുന്നു. തന്റെ ഭർത്താവിനെ വിവരമറിയിച്ചെങ്കിലും അദ്ദേഹം ഇത് വകവെച്ചില്ലെന്നും സ്ത്രീ പറഞ്ഞു.

അടുത്തിടെ, ഭർത്താവ് ഒരു കട തുടങ്ങുന്നതിന്റെ ആവശ്യവുമായി മറ്റൊരു നഗരത്തിലേക്ക് പോയി. ഈ സമയം ഭർതൃമാതാവ് യുവതിയെ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയി. തന്റെ എതിർപ്പ് വകവെക്കാതെ തന്നെ അവിടെ ഉപേക്ഷിച്ച് ഭർതൃവീട്ടുകാർ തിരിച്ച് പോയെന്നും തനിക്ക് മന്ത്രവാതിയുടെ വീട്ടിൽ ദിവസങ്ങളോളം കഴിയേണ്ടി വന്നതായും പരാതിയിൽ യുവതി പറയുന്നു. 

മുറിയിൽ പൂട്ടിയിട്ടിരിക്കുകയിരുന്നു. ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. കുടുംബവുമായി ബന്ധപ്പെടാൻ മാർഗമില്ലായിരുന്നുവെന്നും സ്ത്രീ ആരോപിച്ചു. ഏപ്രിൽ 28 ന് യുവതിക്ക് മന്ത്രവാദിയുടെ മൊബൈൽ ഫോൺ കയ്യിൽ കിട്ടി. താൻ നേരിടുന്ന പീഡനത്തെ കുറിച്ച് യുവതി സ്വന്തം രക്ഷിതാക്കൾക്ക് സന്ദേശമയച്ചു. രക്ഷിതാക്കൾ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
 

Related News