കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സങ്കേത് മഹാദേവിലൂടെ

  • 30/07/2022

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗറാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. 55 കിലോഗ്രാം ഭാരോദ്വഹനത്തില്‍ 248 കിലോ ഉയര്‍ത്തിയാണ് സങ്കേത് ഇന്ത്യക്കായി വെള്ളി നേടിയത്.


മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സങ്കേത് മഹാദേവ് സര്‍ഗര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലില്‍ എത്തിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടുകള്‍ക്ക് ശേഷം മൊത്തം 248 കിലോ ഉയര്‍ത്തിയാണ് സങ്കേത് മെഡല്‍ നേടിയത്. സ്‌നാച്ചില്‍ 113 കിലോഗ്രാം ഉയര്‍ത്തിയ സങ്കേത് ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 135 കിലോഗ്രാം ഭാരവുമായി മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റു. പരിക്കേറ്റിട്ടും മൂന്നാമത് ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അവസാന ശ്രമത്തില്‍ 142 കിലോ ഉയര്‍ത്തി മൊത്തം 249 കിലോഗ്രാം ഭാരത്തോടെ സ്വര്‍ണം നേടി.

Related News