ഹണിമൂണ്‍ ആഘോഷിക്കാന്‍ ക്ഷമയുടെ 'സോളോ' യാത്ര

  • 30/07/2022

സ്വയം വിവാഹം കഴിച്ച് ശ്രദ്ധ നേടിയ രാജ്യത്തെ ആദ്യ സോളോഗമി ഗുജറാത്ത് സ്വദേശി ക്ഷമ ബിന്ദു, ഹണിമൂണ്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗോവയിലേക്കാണ് ക്ഷമയുടെ സോളോ ഹണിമൂണ്‍ യാത്ര.  

'എല്ലാ വധുക്കളേയുംപോലെ ഞാനും എന്റെ ഹണിമൂണിന്റെ ആവേശത്തിലാണ്. ഓഗസ്റ്റ് ഏഴിന് ഞാന്‍ ഗോവയിലേക്ക് പോകും. അവിടെ നിന്നുള്ള വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യും.' - ക്ഷമ പറഞ്ഞു.

'ഗോവയിലെ ബീച്ചുകള്‍ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. അരമ്പോള്‍ ബീച്ചില്‍ മധുവിധു ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ഒരാളുടേയും ഒളിഞ്ഞുനോട്ടമില്ലാതെ ബിക്കിനി ധരിച്ച് നടക്കാനാകുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് പത്തിനാണ് എന്റെ ജന്മദിനം. അതുംകൂടി ആഘോഷിച്ച ശേഷമായിരിക്കും ഗോവയില്‍നിന്ന് തിരിച്ചുവരിക- ക്ഷമ കൂട്ടിച്ചേര്‍ത്തു. 

ഹണിമൂണിന് എത്തിയതാണെന്ന് അറിയുമ്പോള്‍ ആളുകള്‍ തന്നോട് ഭര്‍ത്താവിനെ കുറിച്ച് ചോദിക്കാന്‍ സാധ്യതയുണ്ടെന്നും സോളോഗമിയെ കുറിച്ച് വിശദീകരിക്കാനുള്ള ഒരു അവസരമായിട്ടാണ് അതിനെ കണക്കാക്കുന്നതെന്നും അവര്‍ വിശദമാക്കി.

അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ സ്വന്തം വീട്ടില്‍വെച്ചായിരുന്നു ക്ഷമയുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായി മെഹന്ദി, ഹല്‍ദി ചടങ്ങുകളും നടന്നിരുന്നു. വിവാഹത്തിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും ക്ഷമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുകയും ചെയ്തു. 

Related News