പ്രണയബന്ധമുണ്ടെന്ന് സംശയം; മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു

  • 12/08/2022

ഗുരുഗ്രാം: ഹരിയാനയില്‍ അമ്മയ്ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയത്തില്‍ മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം ഒളിപ്പിച്ചു. ഹരിയാനയിലെ ഹിസാറ്‍ എന്ന ഗ്രാമത്തിലാണ് ദാരുണ സംഭവം.. ഗുരുഗ്രാമിലെ സോനാദേവി(40) ആണ് കൊല്ലപ്പെട്ടത്. സോനാദേവിയുടെ മകന്‍ പര്‍വേഷിനെ (21) പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് പര്‍വേഷിനെ പിടികൂടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സോനാദേവിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഭര്‍ത്താവിന്‍റെ മരണ ശേഷം സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു സോനാദേവി താമസിച്ചിരുന്നത്. സോനിപത്തില്‍ താമസിക്കുകയായിരുന്നു മകന്‍ പര്‍വേഷ്. മകന്‍  ഇടയ്ക്കിടെ അമ്മയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇതിനിടെ അമ്മയ്ക്ക് പ്രണയബന്ധമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായി. 

അമ്മ പലപ്പോഴും നിരന്തരം ഫോണ്‍വിളിക്കുന്നത് കാണാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ആരോടോ പ്രണയബന്ധമുണ്ടായിരുന്നുവെന്ന് കരുതിയതായും പര്‍വേഷ് പോലീസിന് മൊഴി നല്‍കി. സംശയത്തെ തുടര്‍ന്ന് കത്തികൊണ്ട് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. 

ഹിസാറിലെ ഗാര്‍ഹിയില്‍ ആയിരുന്നു സോനാദേവി വാടകയ്ക്ക് താമസിച്ച് വന്നിരുന്നത്. രണ്ട് ദിവസമായി വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍വാസികള്‍ വിവരം കെട്ടിട ഉടമയെ അറിയിച്ചത്. ഉടമ സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച് നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റമാണ് പ്രതിയായ മകനെതിരെ ചുമത്തിയിട്ടുള്ളത്.

Related News