ഏഴ് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയില്‍; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍, സ്ത്രീധനപീഡനമെന്ന് ആരോപണം

  • 12/08/2022

ചെന്നൈ: ഏഴ് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ മയിലാടു തുറയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃവീടിന്‍റെ പിന്നിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ പുഷ്പ ദേവിയെ കണ്ടെത്തിയത്. സ്ത്രീധനം കുറഞ്ഞുപോയതിന് ഭർത്താവായ കാർത്തിയും മാതാപിതാക്കളും ചേർന്ന് പുഷ്പാദേവിയെ കൊലപ്പെടുത്തിയതാണെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. 

തരംഗംപാടി പെരിയമേട്ടുപാളയം സ്വദേശിനിയാണ് പുഷ്പാദേവി. സ്ത്രീധനത്തിന്‍റെ പേരില്‍ ഭർത്താവായ കാർത്തിയും മാതാപിതാക്കളും ചേർന്ന് പുഷ്പാദേവിയെ കൊലപ്പെടുത്തിയതാണെന്നാണ് മരിച്ച യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഭർത്താവിനെയും കുടുംബത്തിനെയും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്. 

പൂമ്പുഗർ സയനവനം തെരുവ് സ്വദേശി കാർത്തിയുമായുള്ള പുഷ്പാദേവിയുടെ വിവാഹം ഈ വർഷം ജനുവരിയിലാണ് കഴിഞ്ഞത്. വിവാഹ സമയത്ത് 12 പവൻ സ്വർണമാണ് സ്ത്രീധനമായി നൽകാമെന്ന് പുഷ്പാദേവിയുടെ വീട്ടുകാർ കാർത്തിയുടെ കുടുംബത്തിന് വിവാഹത്തിന് മുമ്പ് വാക്കുനൽകിയത്. എന്നാൽ ഇവര്‍ക്ക് ഒൻപത് പവൻ ആഭരണമേ നൽകാനായുള്ളൂ. കാർത്തിക്ക് ബൈക്ക് വാങ്ങാൻ അൻപതിനായിരം രൂപയും പാത്രങ്ങളടക്കം വീട്ടുസാധനങ്ങളും വിവാഹ സമയത്ത് വാങ്ങി നൽകിയിരുന്നു.

സ്ത്രീധനത്തിന്റെ ബാക്കി ആവശ്യപ്പെട്ട് പുഷ്പാദേവിയെ കാർത്തിയും വീട്ടുകാരും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് മാതാപിതാക്കൾ ഇപ്പോൾ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. കാർത്തിയേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്താൽ മാത്രമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് കുടുംബം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.  

Related News