സഹോദരിയെ കാണാന്‍ പോകുന്നതിനിടെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

  • 13/08/2022

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിയെ കാണാന്‍ പോകുന്നതിനിടെ ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി യുവാവ് മരിച്ചു. ഡല്‍ഹി രാജധാനി പാര്‍ക്കില്‍ താമസിക്കുന്ന വിപിന്‍ കുമാര്‍ (35) ആണ് മരിച്ചത്. 

ലോനിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു വിപിന്‍ കുമാര്‍. ബൈക്കിൽ വിപിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടന്നയുടനെ തന്നെ വിപിന്‍ കുമാറിന്റെ ഭാര്യയും സ്ഥലത്തെത്തിയ ആളുകളും ചേര്‍ന്ന് സമീപത്തുള്ള ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

സ്ഫടികപ്പൊടിയും ലോഹപ്പൊടിയും കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന ചൈനീസ് മാഞ്ജ എന്നറിയപ്പെടുന്ന ചരട് കുടുങ്ങി പരിക്കേറ്റാണ് മരണം സംഭവിച്ചത്. ശ്വാസനാളി മുറിഞ്ഞതിനെത്തുടർന്നാണ് യുവാവിന്റെ മരണം. നൈലോണിനൊപ്പം സ്ഫടികപ്പൊടിയും ലോഹപ്പൊടിയും കൂടി ചേര്‍ത്ത് നിര്‍മിക്കുന്ന ചരട് കുടുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായതോടെ 2016-ല്‍ ഇത്തരം ചരടിന് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.  

Related News