ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതുകൊണ്ട് മാത്രം രാജ്യസ്‌നേഹി ആകില്ലെന്ന് ഉദ്ദവ് താക്കറെ

  • 13/08/2022

മുംബൈ: ത്രിവര്‍ണപതാക ഉയര്‍ത്തിയതുകൊണ്ട് മാത്രം രാജ്യസ്‌നേഹിയാകില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവ്‌സേന നേതാവുമായ ഉദ്ദവ് താക്കറെ. കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുന്നതെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷം എത്രത്തോളം ജനാധിപത്യം ഇവിടെ അവശേഷിക്കുന്നുവെന്ന് നാം ചിന്തിക്കണമെണമെന്നും പറഞ്ഞു. മര്‍മിക് മാഗസിന്റെ 62ാം സ്ഥാപക ദിനത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.'കേന്ദ്ര സര്‍ക്കാര്‍ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു വൈറല്‍ കാര്‍ട്ടൂണ്‍ ചിലര്‍ എന്നെ കാണിച്ചു. അതില്‍ ഒരു ദരിദ്രനായ മനുഷ്യന്‍ പറയുന്നു, എന്റെ കൈയില്‍ ത്രിവര്‍ണപതാകയുണ്ട്, എന്നാല്‍ അത് സ്ഥാപിക്കാന്‍ വീട് ഇല്ല എന്ന്. അരുണാചലില്‍ ചൈന കടന്നു കയറ്റം നടത്തുകയാണ്. നമ്മുടെ വീടുകളില്‍ ത്രിവര്‍ണപതാക സ്ഥാപിച്ചാല്‍ അവര്‍ പിന്നോട്ടു പോകില്ല. ത്രിവര്‍ണപതാക ഹൃദയത്തിലും വേണം', ഉദ്ദവ് താക്കറെ പറഞ്ഞു.

Related News