കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

  • 10/03/2023

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫിസര്‍ എം ജിഷയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. മാവേലിക്കര ജയിലിലായിരുന്നു ജിഷയുണ്ടായിരുന്നത് കോടതിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്‌ച രാത്രിയാണ് ജിഷയെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. കോടതിയില്‍ തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു.


എന്നാല്‍ ഇത് കള്ളനോട്ട് സംഘത്തെ രക്ഷിക്കാനുള്ള ശ്രമമാണോയെന്നാണ് പൊലീസിന്റെ സംശയം. ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ബാങ്ക് ശാഖയില്‍ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ നോട്ടുകളാണ് ജിഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. 500 രൂപയുടെ ഏഴ് നോട്ടുകളാണ് വ്യാപാരി ബാങ്കില്‍ കൊടുത്തത്. നോട്ട് കണ്ട് സംശയം തോന്നി ബാങ്ക് മാനേജര്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് മനസിലാകുന്നത്.

ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നോട്ടുകള്‍ ജിഷയുടെ വീട്ടില്‍ നിന്നാണ് വ്യാപാരിയുടെ കയ്യിലെത്തിയതെന്ന് കണ്ടെത്തിയത്. ടാര്‍പോളിന്‍ വാങ്ങിയതിന്‍റെ വിലയായി ജിഷയുടെ ജോലിക്കാരന്‍ കുഞ്ഞുമോന്‍ 3,500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപാരിക്ക് കൈമാറിയത്. ഈ പണം കുഞ്ഞുമോന് നല്‍കിയത് ജിഷയാണ്.

തുടര്‍ന്ന് ജിഷയെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവതി കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടുകളുടെ ഉറവിടം വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. അതേസമയം ജോലിക്കാരന് നല്‍കിയത് വ്യാജ നോട്ടുകളാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് പൊലീസിനോട് ഇവര്‍ സമ്മതിച്ചു.

Related News