സംസ്ഥാനത്ത് പനിയും പകര്‍ച്ച വ്യാധികളും; എച്ച്‌1 എന്‍1 കേസുകളില്‍ വര്‍ധന

  • 10/03/2023

തിരുവനന്തപുരം : സംസ്ഥാനത്ത് പനിയും പകര്‍ച്ച വ്യാധികളും മാറ്റമില്ലാതെ തുടരുന്നതിനിടെ എച്ച്‌1 എന്‍1 കേസുകളില്‍ വര്‍ധന. ഇന്നലെ ആറ് പേര്‍ക്കാണ് എച്ച്‌1 എന്‍1 സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഉയര്‍ന്ന കണക്കാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്‌1 എന്‍1 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് കോളറ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥീരകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളില്‍ നാലും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം രാജ്യത്ത് എച്ച്‌3 എന്‍2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. കര്‍ണാടകയിലും ഹരിയാനയിലും എച്ച്‌3 എന്‍2 ബാധിച്ചു മരിച്ചു. ആളുകളുമായി സമ്ബര്‍ക്കത്തില്‍ വന്നവരുടെ പരിശോധന ഇന്ന് നടക്കും. രാജ്യത്ത് വൈറസിന്റെ വ്യാപനം നിരീക്ഷിക്കാന്‍ പ്രത്യേക നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 400ലധികം പേര്‍ക്ക് രോഗം ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്ക്.

സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച്‌ നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസും ഉറപ്പാക്കണം. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Related News