ആര്‍ട്സ് ദിനാഘോഷത്തില്‍ സിനിമാറ്റിക് ഡാന്‍സ് അനുവദിച്ചില്ല; വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് കോളേജ് അടച്ചു പൂട്ടി

  • 12/03/2023

ആലപ്പുഴ: ആര്‍ട്സ് ദിനാഘോഷത്തില്‍ സിനിമാറ്റിക് ഡാന്‍സ് അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കോളജ് അടച്ചു. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം എന്‍എസ്‌എസ് കോളജാണ് താല്‍ക്കാലികമായി അടച്ചു പൂട്ടിയത്. അതേസമയം സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.


കഴിഞ്ഞ ദിവസം യൂണിയന്റെ നേതൃത്വത്തില്‍ കോളജില്‍ സങ്കടിപ്പിച്ച പരിപാടിയിലാണ് സിനിമാറ്റിക് ഡാന്‍സ് ഒരുക്കിയത്. മുന്‍കൂട്ടി നിശ്ചയിച്ചയിച്ചിരുന്ന പരിപാടിയില്‍ ഇത് ഉള്‍പ്പെടുത്താതിരുന്നതിനാല്‍ അനുവദിക്കാനാകില്ലെന്ന് കോളജ് അധിക‍ൃതര്‍ പറഞ്ഞു. ഇതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തി. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ആരെയും പുറത്തുവിടാതെ കോളജിന്റെ ഗേറ്റ് പൂട്ടി സിനിമാറ്റിക് ഡാന്‍സ് കളിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എതിരെയുള്ള പ്രതിഷേധമാണിതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വസ്ത്രധാരണത്തിലടക്കം അനാവശ്യമായ നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കുന്നതിന് എതിരെയുള്ള പ്രതിഷേധമാണ് നടന്നതെന്ന് കോളജ് യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.

Related News