ആസിഡ് ആക്രമണം: പ്രതി യുവതിയുടെ രണ്ടാം ഭർത്താവ്, വഴിയാത്രക്കാർക്കും പരിക്ക്

  • 13/03/2023

കണ്ണൂർ: തളിപ്പറമ്പിൽ യുവതിക്ക് നേരെ ഇന്ന് ഉണ്ടായ ആസിഡ് ആക്രമണത്തിന് കാരണം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് വിവരം. യുവതിയുടെ മുൻ ഭർത്താവാണ് ഇവരെ ആക്രമിച്ചത്. തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരി കൂടിയായ ഷാഹിദക്കു നേരെയാണ് ഇന്ന് ക്രൂരമായ ആക്രമണം ഉണ്ടായത്. ഷാഹിദക്ക് പുറമെ ഇവരുടെ അടുത്തുണ്ടായിരുന്ന മറ്റു  രണ്ടു പേർക്കും ആസിഡ് വീണ് പൊളളലേറ്റു. 

കൂവേരി സ്വദേശി അഷ്‌കറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് അഞ്ചരയോടെ തളിപ്പറമ്പ് മുൻസിഫ് കോടതിക്ക് അടുത്ത് വെച്ചാണ് സംഭവം. ഷാഹിദ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻറിലേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് ആക്രമണമുണ്ടായത്. ന്യൂസ് കോർണർ ജംഗ്ഷനിൽ വെച്ച് അഷ്‌കകർ കൈയിൽ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തൊഴിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന  രണ്ടു പേർക്കും ആസിഡ് വീണ് പൊള്ളലേറ്റു. 

ഷാഹിദ ബഹളം വെച്ചതോടെ നാട്ടുകാർ അഷ്‌കറിനെ പിടികൂടി പോലീസിലേൽപ്പിച്ചു. ഷാഹിദയേയും പരിക്കറ്റ മറ്റു രണ്ടു പേരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അഷ്‌കർ ഷാഹിദയുടെ ആദ്യ ഭർത്താവാണെന്നും ഇവർ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറയുന്നു. 

പ്രതിയായ അഷ്‌കർ തളിപ്പറമ്പ് സർ സയിദ് കോളേജിലെ ലാബ് ജീവനക്കാരനാണ്. ഇയാൾ കോളേജിലെ ലാബിൽ നിന്നും കൈക്കലാക്കിയ ആസിഡ് ഉപയോഗിച്ചാണ് ഷാഹിദക്ക് നേരെ ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

Related News