തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

  • 27/03/2023



തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ ഭയന്ന് വിദേശികൾ. രണ്ടു ദിവസം മുൻ കോവളം തീരത്ത് ടാക്സി ഡ്രൈവറുടെ മർദനത്തിൽ നെതർലാൻഡ് സ്വദേശിയായ യുവാവിന് പരിക്ക് പറ്റിയതിനു പിന്നാലെ ശംഖുമുഖം ബീച്ചിൽ നടക്കാനിറങ്ങിയ ഫ്രാൻസ് സ്വദേശിനിക്ക് നേരെ പതിനാറുകാരൻ്റെ അതിക്രമം. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം എന്ന് പൊലീസ് പറഞ്ഞു. 

യുവതിയുടെ പരാതിയിൽ പതിനാറുകാരനെ വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുഹൃത്തിനൊപ്പമെത്തിയ ഫ്രാൻസ് സ്വദേശിനി ഡൊമനിക്ക് പെരേര ശംഖുമുഖം ബീച്ചിൽ നടക്കാനിറങ്ങിയത് ആയിരുന്നു. മൊബൈൽ ഫോണിൽ സെൽഫി എടുക്കണമെന്ന് പറഞ്ഞു പതിനാറുകാരൻ പിന്നാലെ കൂടി. 

അസ്വാഭാവികമായി ഒന്നുമില്ലാത്തതിനാൽ യുവതി അതിനു സമ്മതം നൽകി. ഒന്നിലധികം ഫോട്ടോകൾ പകർത്തിയ പ്രതി അവസാന സെൽഫി എടുക്കുന്നതിനിടെ അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ആളുകൾ കൂടുകയും സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തി പതിനാറുകാരനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. 

വലിയതുറ സി.ഐയുടെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ സ്ഥലത്തെത്തി വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തി. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്ത് പതിനാറുകാരനെ കോടതിയിൽ ഹാജരാക്കി. ബോട്ട് പണിക്ക് എത്തിയ സംഘത്തിലുള്ള ആളാണ് പ്രതി എന്ന് പൊലീസ് പറഞ്ഞു.

Related News