രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ദിനം കറുത്ത ദിനം; ഖാർഗേ വൈക്കത്ത് എത്തി

  • 30/03/2023

വെെക്കം (കോട്ടയം): രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ദിനം കറുത്ത ദിനമാണെന്നും വൈക്കം സത്യഗ്രഹ സമരത്തിന്‍്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കെ.പി.സി.സിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.


'കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന മഹത്തായ സമരമായിരുന്നു വൈക്കം സത്യഗ്രഹം. അഹിംസയിലൂന്നിയ സമരം ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്' - അദ്ദേഹം വ്യക്തമാക്കി.

വൈക്കം ബീച്ച്‌ മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ 5000-ല്‍പരം പ്രവര്‍ത്തകര്‍ പങ്കാളികളായി. രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കറുത്ത തുണി ഉപയോഗിച്ച്‌ വായ് മൂടിക്കെട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കെ.പി.സി.സി അധ്യക്ഷന്‍, കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി ഭാരവാഹികളായ കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ ഖാര്‍ഗെയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു.

Related News