കൊച്ചിയിലെ അഡംബര ഹോട്ടലില്‍ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടി; എംഡിഎ എത്തിച്ചത് ബെംഗളൂരുവില്‍ നിന്ന്

  • 31/03/2023

കൊച്ചി: കൊച്ചിയിലെ അഡംബര ഹോട്ടലില്‍ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് സംഘത്തെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ്. കൊച്ചിയില്‍ പിടികൂടിയ എംഡിഎ എത്തിച്ചത് ബെംഗളൂരുവില്‍ നിന്നാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് . എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന് സമീപം എസ്. ആര്‍.എം റോഡിലെ ആഡംബര ഹോട്ടലില്‍ നിന്ന് എംഡിഎംഎയുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്.


വൈപ്പിന്‍ മുരിക്കും പാടം അഴിക്കല്‍തൈവേലിക്കകത്ത് വിനീഷ് നായര്‍ (26), എറണാകുളം ഏലൂര്‍ നോര്‍ത്ത് ഉദ്യോഗമണ്ഡല്‍ പെരുമ്ബടപ്പില്‍ വീട്ടില്‍ വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡല്‍, ഇഡി ഫ്ലാറ്റില്‍ ആദിത്യ കൃഷ്ണ (23), ഏലൂര്‍ മഞ്ഞുമ്മല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ നവിന്‍ (23) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലിസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 294 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. വിനീഷ് നായരുടെ നേതൃത്വത്തില്‍ ആണ് മയക്കു മരുന്ന് വില്‍പ്പന നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ആഡംബര ഹോട്ടലുകളില്‍ താമസിച്ചാണ് നഗരത്തില്‍ ഇവര്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്. മുഖ്യ പ്രതിയായ വിനീഷ് വിമാന മാര്‍ഗ്ഗം ബംഗളൂരുവിലെത്തി എംഡിഎംഎ വാങ്ങും. പിന്നീട് പ്രതികളില്‍ മറ്റൊരാളായ വിഷ്ണു കാര്‍ മാര്‍ഗം ബെംഗളൂരിലെത്തി വിനീഷില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി എറണാകുളത്തേക്ക് തിരിച്ചു വരുന്നത് ആണ് രീതി. അതിന് ശേഷം വിനീഷ് വിമാന മാര്‍ഗ്ഗം തിരികെ കൊച്ചിയിലെത്തുന്നു. ഈ രീതിയിലാണ് വിനീഷ് ആര്‍ക്കും സംശയം കൊടുക്കാതെ ഇടപാട് നടത്തിയിരുന്നത്. ഇങ്ങനെ സുരക്ഷിതമായ യാത്രകളും ആഡംബര ജീവിതവും നയിക്കുന്ന ആളാണ് വിനീഷെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി സിറ്റി ഡാന്‍സാഫ് രണ്ടാഴ്ചയായി രഹസ്യ നിരീക്ഷണം നടത്തിയും, സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ നീക്കങ്ങള്‍ മനസിലാക്കിയുമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ സെന്‍ട്രല്‍ ,ഞാറക്കല്‍, ഏലൂര്‍, എന്നി സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ട്. കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുന്ന അന്തര്‍ സംസ്ഥാന ലഹരി കടത്തു സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ശക്തമായ നടപടികളാണ് നടത്തുന്നത് എന്ന് പൊലീസ് പറഞ്ഞു.

യുവാക്കളുടെയും, വിദ്യാര്‍ത്ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്ബറില്‍ വാട്സ് ആപ്പ് ഫോര്‍മാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാവുന്നതാണ്. കൂടാതെ 9497980430 എന്ന ഡാന്‍സാഫ് നമ്ബറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.

Related News