ലോകായുക്ത പുറപ്പെടുവിച്ചിരിക്കുന്നത് വിചിത്രവിധി: വി.ഡി. സതീശന്‍

  • 31/03/2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ലോകായുക്ത പുറപ്പെടുവിച്ചിരിക്കുന്നത് വിചിത്രവിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിലെ ഏറ്റവും വലിയ അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കുന്നതാണ് ഈ വിധിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുന്നത്. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച്‌, ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുകാലത്തും പുറത്തുവരാത്തൊരു വിധിയായി ഇത് മാറുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുപേരുടേയും ഭിന്നാഭിപ്രായം അത്ഭുതപ്പെടുത്തുന്നുവെന്നും യഥാര്‍ഥത്തില്‍ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

'മുഖ്യമന്ത്രിയുടെ അറിവോടുകൂടി കെ.ടി. ജലീലിനെ ഉപയോഗിച്ച്‌, കേസിന്റെ വിധി വരാതിരിക്കാന്‍ ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിന്റെ വിധിയെ പേടിച്ചിട്ടാണ് ഭേദഗതി ബില്ലുമായി മുഖ്യമന്ത്രി നിയമസഭയില്‍ വന്നത്. അത് ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല. അഴിമതിനിരോധന സംവിധാനത്തെക്കുറിച്ച്‌ ആളുകള്‍ക്കുള്ള മുഴുവന്‍ വിശ്വാസവും തകര്‍ന്നു', വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related News