വേളാങ്കണ്ണി തീര്‍ത്ഥയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം, 27 പേർക്ക് പരിക്ക്

  • 02/04/2023

തൃശ്ശൂര്‍ : ഓശാന ഞായര്‍ ദിനത്തില്‍ വേദനയായി വേളാങ്കണ്ണി തീര്‍ത്ഥയാത്രാ സംഘത്തി്നറെ ബസ് അപകടം. ഒല്ലൂരില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്.


നെല്ലിക്കുന്ന് സ്വരാജ് നഗര്‍ പുളിക്കന്‍ വീട്ടില്‍ ലില്ലി വര്‍ഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോല്‍ക്കാരന്‍ വീട്ടില്‍ ജെറാര്‍ഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ മന്നാര്‍കുടിക്ക് സമീപം ഒറത്തനാട് ഭാഗത്ത് വളവ് തിരിയുമ്ബോഴാണ് അപകടമുണ്ടായത്. 27 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഒറത്തനാട് ജനറല്‍ ആശുപത്രിയിലും തഞ്ചാവൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായ പരിക്കുള്ളവര്‍ക്ക് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ഒല്ലൂരിലെ പള്ളിക്ക് സമീപം നിന്ന് ഓശാന ഞായര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വേളാങ്കണ്ണിക്ക് പുറപ്പെട്ടതായിരുന്നു സംഘം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്ഥിരം അപകടമേഖലയായ പ്രദേശത്താണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനും പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ കിട്ടാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിക്കില്ലാത്തവര്‍ക്കും സ‍ഞ്ചരിക്കാനാകുന്നവര്‍ക്കും നാട്ടിലെത്താനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related News