അരിക്കൊമ്ബന്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ തന്നെ; വനംവകുപ്പിന് സിഗ്നൽ ലഭിച്ചു

  • 04/05/2023

ഇടുക്കി : അരിക്കൊമ്ബന്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ തന്നെ തുടരുകയാണ്. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്ബന്‍ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. മംഗളദേവി ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വനപാലകരെ നിയോഗിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്ബന്‍ തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂര്‍ മേഖല കടുവ സങ്കേതത്തിലെത്തിയത്.


കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയില്‍ നിന്ന് വനംവകുപ്പിന് സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. പലഭാഗത്തായി സഞ്ചരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളില്‍ അരിക്കൊമ്ബനെ നേരിട്ട് കാണുകയും ചെയ്തു. വിഎച്ച്‌എഫ് ആന്‍റിനയുടെ സഹായത്തോടെയാണിത്.

ചിന്നക്കനാലിലേക്ക് തന്നെ അരിക്കൊമ്ബന്‍ തിരികെയെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. റേഡിയോ കോളര്‍ കഴുത്തിലുളളതുകൊണ്ട് കൊമ്ബന്‍റെ മടങ്ങി വരവ് തടയാനാകുമെന്ന് വനം വകുപ്പ് ഉറപ്പു പറയുന്നു. അതിര്‍ത്തി വനമേഖലയില്‍ തന്നെ ചുറ്റിത്തിരിയുന്ന അരിക്കൊമ്ബനെ സൂക്ഷ്മം നിരീക്ഷിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അത് തമിഴ്നാട് വനം വകുപ്പാണ്.

Related News