അരിക്കൊമ്ബന്‍ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

  • 05/05/2023

ഇടുക്കി: അരിക്കൊമ്ബന്‍ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെയാണ് തമിഴ്നാടിലെ മേഘമലക്ക് സമീപം മണലാര്‍ തേയില തോട്ടത്തില്‍ അരിക്കൊമ്ബന്‍ എത്തിയത്. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കൊമ്ബനെ ജനവാസ മേഖലക്ക് അകത്തേക്ക് കടക്കാതെ തടഞ്ഞു. രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്ബന്‍ പെരിയാര്‍ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.


കഴിഞ്ഞ ദിവസം പെരിയാ‍ര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്ബനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയില്‍ വനത്തിനുള്ളിലൂടെ അരിക്കൊമ്ബന്‍ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാ‌ര്‍ എന്നീ സ്ഥലങ്ങള്‍ക്ക് സമീപത്തുള്ള അതി‍ര്‍ത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തി. ഇവിടുത്തെ വനത്തിനുള്ളില്‍ ഉണ്ടെന്നാണ് സിഗ്നല്‍ ലഭിച്ചിരിക്കുന്നത്.

ഈ ഭാഗത്തെ വനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ ഇവിടെയുമുണ്ട്. അതിനാല്‍ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ തമിഴ് നാട് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News