മന്ത്രവാദ കേന്ദ്രത്തില്‍ മൂന്നുപേരെ പൂട്ടിയിട്ട സംഭവത്തില്‍ പ്രതികളായിരുന്ന രണ്ട് പേര്‍ കീഴടങ്ങി

  • 05/05/2023

പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രത്തില്‍ മൂന്നുപേരെ പൂട്ടിയിട്ട സംഭവത്തില്‍ പ്രതികളായിരുന്ന രണ്ട് പേര്‍ കീഴടങ്ങി. പ്രതികളായ ശോഭന, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കീഴടങ്ങിയത്. രണ്ട് ദിവസം ആയി പ്രതികള്‍ ഒളിവില്‍ ആയിരുന്നു. മലയാലപ്പുഴ സ്റ്റേഷനിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഒളിവില്‍ പോയ പ്രതികളെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചിരുന്നില്ല.


സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ടയിലെ മന്ത്രവാദ കേന്ദ്രത്തില്‍ മൂന്നു പേരെ പൂട്ടിയിട്ടത്. അവരെ ഉപദ്രവിച്ചിരുന്നെന്നും വളരെയധികം പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്ന് പരാതിയില്‍ പറയുന്നു. നിലവില‌ സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാനാണ് സാധ്യത.

മൂന്നുപേരെയാണ് പ്രതികള്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. മൂന്ന് പേരില്‍ 7 വയസുള്ള കുട്ടിയും ഉള്‍പ്പെട്ടിരുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. തട്ടിപ്പ് കേസില്‍ നിന്നും ഒഴിവാക്കാന്‍ ചില പൂജകളും നടന്നു. ചില സാമ്ബത്തിക തര്‍ക്കങ്ങള്‍ ആണ് പൂട്ടിയിടാന്‍ കാരണം. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്ബത്തിക ഇടപാട്.

ഇലന്തൂര്‍ നരബലി പുറത്ത് വന്ന സമയത്താണ് ശോഭനക്കെതിരെയും നടപടി വന്നത്. ശോഭനയെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേന്ദ്രത്തെക്കുറിച്ച്‌ മുന്‍പും നിരവധി പരാതികള്‍ കിട്ടിയിരുന്നു. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയര്‍ന്നത്.

ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരില്‍ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിന്‍്റേയും നെഞ്ചില്‍ ചവിട്ടുന്നതിന്‍്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു സ്ത്രീയുടെ മുടിക്ക് ശോഭന കുത്തിപ്പിടിച്ച്‌ ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.

Related News