ഭാര്യ കൈവശപ്പെടുത്തിയ പെന്‍ഡ്രൈവ് ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മര്‍ദിച്ചു; പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി

  • 05/05/2023

കോഴിക്കോട്: ഭാര്യ കൈവശപ്പെടുത്തിയ പെന്‍ഡ്രൈവ് ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മര്‍ദിച്ച്‌ പരിക്കേല്‍പിച്ച പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. നാദാപുരം ചാലപ്പുറം സ്വദേശികളായ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോഴിക്കോട് സെഷന്‍സ് കോടതി വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ പിലാവുള്ളതില്‍ താമസിക്കും കുന്നോത്ത് ജാഫര്‍, രണ്ട് സഹോദരങ്ങള്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.


കേസില്‍ ജാഫറിന്റെ പിതാവിനെയും മാതാവിനെയും അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. ഏപ്രില്‍ മൂന്നിനാണ് ജാഫറും സഹോദരങ്ങളും ചേര്‍ന്ന് കേസിലെ പരാതിക്കാരിയായ വടകര കീഴല്‍ സ്വദേശി റുബീനയെ മര്‍ദിച്ച്‌ പരിക്കേല്‍പിച്ചത്.
വിദേശത്ത് നിന്ന് നാട്ടിലെത്തിയ ജാഫര്‍ സഹോദരങ്ങളെയും കൂട്ടി ചാലപ്പുറത്തെ വീട്ടില്‍ എത്തിയാണ് അക്രമം നടത്തുന്നത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ റുബീന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സ തേടുകയും നാദാപുരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് പരാതിക്കാരി വടകരയിലെ റൂറല്‍ എസ്പി ക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെ യുവതിയില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പുകള്‍ കൂട്ടി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.

ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച്‌ മുഖ്യമന്ത്രി, എംപി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ കോടതി തള്ളിയിരിക്കുന്നത്

Related News