ആതിരയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ച സംഭവം: പിന്നില്‍ സാമ്ബത്തിക ഇടപാടുകള്‍ തന്നെയെന്ന നിഗമനത്തില്‍ പൊലീസ്

  • 05/05/2023

കൊച്ചി: കാലടി സ്വദേശി ആതിരയുടെ കൊലപാതകത്തിന് പിന്നില്‍ സാമ്ബത്തിക ഇടപാടുകള്‍ തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. അതേസമയം പിടിയിലായ അഖിലിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരു. ഇന്ന് വെളുപ്പിനോടെയാണ് താന്‍ യുവതിയെ കൊലപ്പെടുത്തിയെന്ന് കസ്റ്റഡിയിലുള്ള അഖില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.


അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരേ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖില്‍ പൊലീസിന് നല്‍കിയ മൊഴി. ആതിരയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണം കാണാതായെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഏപ്രില്‍ 29 നാണ് ആതിരയുമായി അഖില്‍ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. ടൂറ് പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ച്‌ വരുത്തിയത്. കടം വാങ്ങിയ തുക തിരിച്ച്‌ ചോദിച്ചതോടെ ആതിരയെ വകവരുത്തണമെന്ന് ഉറപ്പിച്ച പ്രതി, ആതിരയെ വനത്തിന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഷോള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. അതിന് ശേഷം ബൂട്ട് ഉപയോഗിച്ച്‌ കഴുത്തില്‍ ഞെരിച്ച്‌ മരണം ഉറപ്പാക്കി. തുമ്ബൂര്‍മുഴിയില്‍ നിന്നും അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിലുള്ള വനത്തിനുള്ളില്‍ മൂന്നൂറ് മീറ്റര്‍ ഉളളിലേക്കായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം നീട്ടിലേക്ക് മടങ്ങിപ്പോയ പ്രതി ഒന്നും സംഭവിക്കാത്ത രീതിയില്‍ അഭിനയിച്ചു.

അതിനിടെ ആതിരയെ ഏപ്രില്‍ 29 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതാണ് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രില്‍ 29 നാണ് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭര്‍ത്താവ് സനല്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാലടി ബസ് സ്റ്റോപ്പില്‍ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി. ഒരു റെന്റ് എ കാറില്‍ അഖിലും ആതിരയും തുമ്ബൂര്‍മുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് അഖിലിനെ ചോദ്യം ചെയ്യുകയും കൊലപാതക വിവരം പുറത്ത് വരികയുമായിരുന്നു.

ആതിരയുടെ കൊലപാതകം സാമ്ബത്തിക നേട്ടത്തിന് ആയിരിക്കാമെന്ന് കരുതുന്നതായി എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍ വിശദീകരിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോട്ടത്തിനുശേഷം ലഭ്യമാകുമെന്നും റൂറല്‍ എസ് പി വിശദീകരിച്ചു.

Related News