വിജിലന്‍സില്‍ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റില്‍

  • 05/05/2023

പാലക്കാട്: വിജിലന്‍സില്‍ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസ്സില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി രേഷ്മ രാജന്‍ (26) ആണ് പിടിയിലായത്. ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 70,000രൂപ വാങ്ങി പറ്റിച്ച കേസിലാണ് യുവതി പൊലീസ് പിടിയിലായത്.


ചാവക്കാട് സ്വദേശിയായ ശ്രീദത്ത് എന്നയാളില്‍ നിന്നും 34,000 രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്ക് എന്നയാളില്‍ നിന്നും 36,000 രൂപയും രേഷ്മ ഗൂഗിള്‍ പേ വഴി കൈപ്പറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ‍് ചെയ്തു.

മുന്‍വിവാഹം മറച്ചുവെച്ച്‌ വിവാഹത്തട്ടിപ്പ് നടത്തി ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും വിവിധ വകുപ്പുകളില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് രേഷ്മയ്ക്കെതിരെ കോട്ടയം കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇതിനുപുറമേ ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കേസുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു.

Related News