വീഡിയോ ചെയ്യാന്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റേസ്, യൂട്യൂബര്‍ക്ക് അപകടത്തില്‍ ദാരുണാന്ത്യം

  • 05/05/2023

ദില്ലി: വീഡിയോ ചെയ്യാന്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റേസിന് ശ്രമിച്ച യൂട്യൂബര്‍ക്ക് അപകടത്തില്‍ ദാരുണാന്ത്യം. 1.2 മില്യണ്‍ സബ്സക്രൈബേഴ്സ് ഉള്ള പ്രമുഖ യൂട്യൂബര്‍ അഗസ്തയ് ചൌഹാനാണ് മരിച്ചത്. യമുന എക്സപ്രസ് വേയിലായിരുന്നു അപകടം. ബുധനാഴ്ച ആഗ്രയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്നു അഗസ്തയ്.


കവാസാക്കി നിഞ്ച ZX10R-1,000 സിസി സൂപ്പര്‍ ബൈക്കിലായിരുന്നു അഗസ്തയ് യാത്ര ചെയ്തിരുന്നത്. തന്റെ യൂട്യൂബ് ചാനലിനായി വീഡിയോ തയ്യാറാക്കാനായി 300 കിലോ മീറ്റര്‍ വേഗത കൈവരിക്കാനായിരുന്നു അഗസ്തയുടെ ശ്രമം. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യമുന എക്‌സ്‌പ്രസ്‌ വേയിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.

അഗസ്തയ് ധരിച്ചിരുന്ന ഹെല്‍മറ്റ് പല കഷണങ്ങളായി. തലയ്ക്കേറ്റ പരിക്കാണ് അഗസ്തയ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലിഗഡിലെ തപ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന 47 മൈല്‍ പോയിന്റിലായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് അഗസ്തയുടെ താമസം. 'പ്രോ റൈഡര്‍ 1000' എന്നായിരുന്നു അഗസ്തയുടെ യൂട്യൂബ് ചാനലിന്റെ പേര്.

ചാനലിന് 1.2 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉണ്ട്. താന്‍ ദില്ലിയിലേക്ക് പോകുന്നതെന്നും അവിടെ ബൈക്കില്‍ എത്ര വേഗത്തില്‍ പോകാനാകുമെന്ന് പരീക്ഷിക്കുമെന്നും അഗസ്‌തയ് യത്രയ്ക്ക് മുമ്ബ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. '300 കിലോമീറ്റര്‍ വേഗതയില്‍ ഞാന്‍ ബൈക്ക് കൊണ്ടുപോകും, അതിനപ്പുറം പറ്റുമോ എന്നും നോക്കാം'- എന്നുമായിരുന്നു അഗസ്തയുടെ വാക്കുകള്‍.

യൂട്യൂബര്‍ ഓടിച്ചിരുന്ന ബൈക്കി് കവാസാക്കി നിഞ്ച ZX10R എന്ന ബൈക്കിന് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. ഇന്ത്യയില്‍ 16 ലക്ഷം രൂപയ്ക്ക് മുകളിലിലാണ് ഇതിന്റെ വില. മൂന്ന് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വരെയും 10 സെക്കന്‍ഡി 200 കിലോമീറ്റര്‍ വരെയും വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് കഴിയും.

വളരെ പരിചയ സമ്ബന്നരായ റൈഡര്‍മാര്‍ക്ക് പോലും നിരത്തുകളിലെ ഈ വേഗം അപകടകരമാണെന്ന് വിദഗ്ദര്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സമാനമായ അപകടത്തില്‍ തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലെ സേലം-ചെന്നൈ ഹൈവേയില്‍ അമിതവേഗതയിലെത്തിയ ബൈക്ക് എസ്യുവിയില്‍ ഇടിച്ച്‌ 23കാരന്‍ മരിച്ചിരുന്നു.


Related News