മദ്യപിച്ചെത്തുന്ന പിതാവും മുത്തശ്ശിയും ചേര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ ഉപദ്രവം; കേസെടുത്തു

  • 06/05/2023

നെടുങ്കണ്ടം: മദ്യപിച്ചെത്തുന്ന പിതാവും മുത്തശ്ശിയും ചേര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതായി പരാതി. പട്ടം കോളനിയിലാണ് അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെ ക്രൂരത. ആരോഗ്യ വകുപ്പ് നടത്തിയ ഫീല്‍ഡ് സര്‍വേയിലാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടക്കുന്നതായി കണ്ടെത്തിയത്.


ഇവരുടെ അതിക്രമത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പട്ടം കോളനി മെഡിക്കല്‍ ഓഫിസര്‍ വി കെ പ്രശാന്ത് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും നെടുംകണ്ടം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

നെടുങ്കണ്ടം മേഖലയില്‍ ആരോഗ്യവകുപ്പ് നടത്തിയ ഭവന സന്ദര്‍ശനത്തിനിടെയാണ് കുട്ടികള്‍ ഉപദ്രവിക്കപ്പെടുന്ന വിവരം പുറത്തുവന്നത്. ആറ് വയസ്സുള്ള പെണ്‍കുട്ടിയുടെയും നാല് വയസ്സുള്ള ആണ്‍കുട്ടിയുടെയും മാതാവ് സമീപകാലത്ത് വിദേശത്തേക്ക് പോയിരുന്നു. ഭാര്യയുടെ മാതാവിനൊപ്പമാണു രണ്ട് കുട്ടികളും, ഇവരുടെ പിതാവും കഴിയുന്നത്. പതിവായി മദ്യലഹരിയില്‍ വീട്ടില്‍ എത്തുന്ന പിതാവ് മക്കളെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട്.

മകളുടെ ഭര്‍ത്താവിനോടുള്ള വിരോധം കാരണം മുത്തശ്ശിയും കുട്ടികളെ ഉപദ്രവിക്കും. നിരന്തരമായ ഉപദ്രവം കാരണം കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യം ഉണ്ടായെന്നാണു കണ്ടെത്തല്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.

Related News