ഗൃഹനാഥന്റെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം; കൊട്ടേഷൻ നൽകിയത് അയൽവാസിയായ അമ്മയും മകളും

  • 06/05/2023

ഇടുക്കി: രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ ട്വിസ്റ്റ്. നടക്കാനിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസിയായ അമ്മയും മകളും. പൊലീസ് കേസെടുത്തോടെ ഇരുവരും ഒളിവില്‍ പോയി. തൊടുപുഴ ഇഞ്ചിയാനി സ്വദേശികളായ മില്‍ക്ക, മകള്‍ അനീറ്റ എന്നിവരാണ് ഒരാഴ്ചയിലേറെയായി പൊലീസിനെ വെട്ടിച്ച്‌ ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരും ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു വരികയാണെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.


ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനെയാണ് (44) ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചത്. രാവിലെ ആറേമുക്കാലോടെ വീടിനു സമീപത്തെ ഇടറോഡില്‍ വെച്ചാണ് സംഭവം. നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ പേരു ചോദിച്ച്‌ ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. ഓമനക്കുട്ടനോടുള്ള വ്യക്തിവൈരാഗ്യം നിമിത്തം ഇയാളുടെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരുടെ അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയുമാണെന്നാണ് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളും പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചേരാനല്ലൂര്‍ അമ്ബലക്കടവ് ചൂരപ്പ റമ്ബില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്ബില്‍ ശ്രീജിത്ത് (25) എന്നിവരെ ചേരാനല്ലൂര്‍ പൊലീസിന്റെ സഹായത്തോടെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 26നായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നു വരികയായിരുന്ന ഓമനക്കുട്ടനെ സ്കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലുകൊണ്ടിടിച്ച്‌ പരിക്കേല്‍ക്കുകയും ചെയ്തു. ഓമനക്കുട്ടന്റ കൈയ്യിലെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്താണ് പ്രതികള്‍ കടന്നത്. പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘം പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണത്തിന് പിന്നില്‍ അയല്‍വാസിയായ അമ്മയും മകളും ആണെന്ന് പൊലീസ് കണ്ടെത്തിത്. അയല്‍വാസികളായ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിന്‍റെ പകയിലാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു.

Related News