മുഖ്യമന്ത്രി ആകാശവാണിയെ പോലെയാണ് പെരുമാറുന്നത്; അഴിമതി ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷം

  • 07/05/2023

കൊച്ചി : റോഡിലെ എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ പ്രതിപക്ഷം. അഴിമതിയാരോപണങ്ങള്‍ ശക്തമായിട്ടും മുഖ്യമന്ത്രി കാണാമറയത്തിരുന്ന് സംസാരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ക്യാമറ വിവാദങ്ങളില്‍ മുഖ്യമന്ത്രിയാണ് ആരോപണവിധേയന്‍. അഴിമതിയാരോപണത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പ്രതിപക്ഷം പുറത്ത് വിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.


മുഖ്യമന്ത്രി ആകാശവാണിയെ പോലെയാണ് പെരുമാറുന്നത്. അഴിമതിയാരോപണങ്ങളിലും ചോദ്യങ്ങളിലുമൊന്നും മറുപടിയിയില്ല. തുടര്‍ ഭരണം കിട്ടിയെന്ന് കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ലെന്നും സതീശന്‍ പറഞ്ഞത്. സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെയും പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചു. റോഡുകള്‍ നന്നാക്കിയിട്ട് വേണം പിഴ ഈടാക്കാന്‍. ജനങ്ങളുടെ പോക്കറ്റ് അടിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

എല്ലാ പ്രധാനപ്പെട്ട അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. കഴിഞ്ഞകാലങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച അഴിമതികാരോപണങ്ങളില്‍പെട്ട പദ്ധതികളും നടപടികളും സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. പ്രതിപക്ഷം കൊണ്ടുവന്ന രേഖകളുടെ ആധികാരികതയില്‍ സര്‍ക്കാരിന് സംശയമുണ്ടോയെന്നും സതീശന്‍ ചോദിച്ചു.

Related News