മയക്കുമരുന്ന് ഉപയോഗിക്കുന്ന സിനിമാതാരങ്ങള്‍ക്കെതിരേ കടുത്ത നടപടികൾക്കൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

  • 08/05/2023

കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്ന സിനിമാതാരങ്ങള്‍ക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കടുത്ത നടപടികളിലേക്ക്. ലഹരി ഉപയോഗിച്ച്‌ സെറ്റില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ പട്ടിക അംഗങ്ങളില്‍നിന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ ഇത്തരക്കാരെ അഭിനയിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം നിര്‍മാതാവിനായിരിക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.


സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച്‌ വിശദാംശങ്ങള്‍ നിര്‍മാതാക്കളില്‍നിന്ന് സംഘടന ശേഖരിച്ചുവരുകയാണ്. വിവരങ്ങള്‍ ലഭിച്ചശേഷം സര്‍ക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഇതുകൂടാതെയാണ് പരാതിയുള്ള താരങ്ങളെ അഭിനയിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും നിര്‍മാതാവായിരിക്കും ഉത്തരവാദിയെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കര്‍ശനനിലപാടിനെത്തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉത്തരവായതോടെ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളില്‍ പലരും പ്രതിരോധത്തിലായിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ''ഒരാഴ്ചയായി സെറ്റുകളില്‍ ശാന്തതവന്നു. കാരവാനിനുള്ളില്‍ത്തന്നെ ഇരുന്നിരുന്ന പലരും പുറത്തേക്കിറങ്ങിത്തുടങ്ങിയിട്ടുണ്ട്.'' -ഒരു മുന്‍നിര നിര്‍മാതാവ് വെളിപ്പെടുത്തി.

Related News